മഴപെയ്താൽ വെള്ളമൊഴുകിപ്പോകാൻ വഴിയില്ല; വെള്ളക്കെട്ടിൽ മുങ്ങി ദേശീയപാത
text_fieldsപയ്യോളി: മഴ ശക്തിപ്രാപിക്കുമ്പോഴേക്കും ദേശീയപാത പുഴ കണക്കെ വെള്ളത്തിൽ മുങ്ങിയത് മൂലം യാത്രാദുരിതമേറി. ദേശീയപാതയിൽ പയ്യോളി ടൗണിന് വടക്കുഭാഗത്ത് റെയിൽവേ സ്റ്റേഷന് സമീപത്താണ് ചൊവ്വാഴ്ച പെയ്ത മഴയിൽ വൻവെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോവേണ്ട പഴയ ഓവുചാലുകളെല്ലാം അടഞ്ഞുപോയിരിക്കുകയാണ്. മാത്രമല്ല ഇരുഭാഗത്തും സർവിസ് റോഡ് നിർമാണം പൂർത്തിയായതിനാൽ വെള്ളം നിലവിലെ റോഡിൽ നിന്നൊഴുകി പുറത്തേക്കും പോവാൻ പറ്റാത്ത സ്ഥിതിയാണ്.
മഴക്ക് ശമനമുണ്ടാവുമ്പോൾ വെള്ളം തനിയെ വറ്റിപ്പോയാൽ മാത്രമേ യാത്രക്കാർക്ക് ആശ്വാസമാവുകയുള്ളൂ. വെള്ളം കെട്ടിനിൽക്കുമ്പോൾ റോഡിലെ ടാറും അടർന്നുപോവാനുള്ള സാധ്യത ഏറെയാണ്.
വെള്ളക്കെട്ട് കാരണം ഇരുചക്രവാഹനക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. അതേസമയം, നിർമാണം പൂർത്തിയായ സർവിസ് റോഡിലൂടെ വൺവേയായി ഇരുഭാഗത്തേക്കും വാഹനങ്ങൾ വഴിതിരിച്ചുവിട്ടാൽ താത്കാലിക ആശ്വാസമുണ്ടാവും. പയ്യോളി ടൗൺ ഒഴികെയുള്ള ദേശീയപാതയിലൂടെ മൂരാട് മുതൽ നന്തി വരെ ഭൂരിഭാഗം സ്ഥലത്തും സർവിസ് റോഡുകളിലൂടെ വൺവേ ആയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ, പൊതുവേ വീതി കുറവായ രീതിയിൽ നിർമിച്ച ടൗണിലെ സർവിസ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടാൽ ഗതാഗതക്കുരുക്കനുഭവപ്പെടാനും സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.