പൊളിച്ചുനീക്കിയ വായനശാലക്ക് പുതിയ കെട്ടിടം സ്ഥാപിക്കാൻ അദാലത്തിലൂടെ അനുമതി
text_fieldsപയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ വായനശാലക്ക് പുതിയ കെട്ടിടം സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. വർഷങ്ങളോളം പഴക്കമുണ്ടായിരുന്ന അയനിക്കാട് റിക്രിയേഷൻ സെന്റർ ഗ്രന്ഥാലയം ആൻഡ് വായനശാലക്കാണ് കെട്ടിടം നിർമിച്ചുനൽകാൻ അനുമതിയായത്.
കൊയിലാണ്ടി ടൗൺഹാളിൽ ശനിയാഴ്ച നടന്ന സംസ്ഥാന സർക്കാറിന്റെ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെയാണ് അനുമതി ലഭിച്ചത്. കെട്ടിടം നഷ്ടപ്പെട്ടതിന്റെ ഭാഗമായി പയ്യോളി നഗരസഭക്ക് ലഭിച്ച തുക ഉപയോഗിച്ച് പകരം സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമിച്ചുനൽകാൻ നഗരസഭ ചെയർമാനും സെക്രട്ടറിക്കും അദാലത്തിലൂടെ നിർദേശം നൽകി.
മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, കലക്ടർ എ. ഗീത, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലൂടെയാണ് അദാലത്തിലൂടെ തീരുമാനമായത്.
കെട്ടിടം നഷ്ടപ്പെട്ടതോടെ സമീപത്തെ താൽകാലിക കെട്ടിടത്തിലാണ് ഇപ്പോൾ വായനശാല പ്രവർത്തിക്കുന്നത്. വായനശാല സെക്രട്ടറി റഷീദ് പാലേരി, മുൻ സെക്രട്ടറി പ്രമോദ്കുമാർ എന്നിവർ നൽകിയ പരാതിയിൻ മേലാണ് അദാലത്തിലൂടെ തീർപ്പായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.