ആഘോഷ പരിപാടികളിലെ നിയന്ത്രണം ഫോട്ടോഗ്രാഫർമാർ പട്ടിണിയിൽ
text_fieldsപയ്യോളി: കോവിഡും ലോക്ഡൗണും കാരണം ആഘോഷ പരിപാടികളിൽ നിയന്ത്രണം വന്നതോടെ ഫോട്ടോഗ്രഫി മേഖലയിൽ രണ്ടു വർഷമായി സ്തംഭനാവസ്ഥ തുടരുന്നതിനാൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പട്ടിണിയിലായി.
2020ലെയും 2021ലെയും രണ്ടു സീസണുകളാണ് കോവിഡ് കാരണം ഫോട്ടോഗ്രാഫർമാർക്ക് നഷ്ടമായത്. 2020 മാർച്ച് മുതൽ ആരംഭിക്കേണ്ടിയിരുന്ന വിവാഹസൽക്കാരങ്ങളുടെയു മറ്റും ഓർഡറുകളാണ് കോവിഡ് കാരണം മുടങ്ങിയത്. പിന്നീട് 2020ൻെറ അവസാനത്തിൽ ലോക്ഡൗണിൽ ഇളവ് വന്നതോടെ കാമറമാൻമാർക്കും സ്റ്റുഡിയോ ഉടമകൾക്കും നേരിയ പ്രതീക്ഷകൾ കൈവന്നിരുന്നു. എന്നാൽ, വീണ്ടും കോവിഡിൻെറ രണ്ടാം വരവും ലോക്ഡൗണും കാരണം ഫോട്ടോഗ്രഫി മേഖല പൂർണമായും തളർന്ന അവസ്ഥയിലായി. ഫോട്ടോ-വിഡിയോഗ്രഫി ഉപജീവനമാക്കിയ ആയിരക്കണക്കിന് പേരാണ് നിത്യവൃത്തിക്ക് മറ്റ് മാർഗങ്ങളില്ലാതെ ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
തൊഴിൽരഹിതരായതിനു പുറമെ, ലക്ഷങ്ങൾ വിലവരുന്ന കാമറകൾ ബാങ്ക് വായ്പയും മറ്റുമെടുത്ത് വരുമാന മാർഗം തേടിയവർ കാമറയുടെ പണം തിരിച്ചടക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണുള്ളത്. അസംഘടിത മേഖലയിൽ ജോലിയെടുക്കുന്ന ഫോട്ടോഗ്രഫി രംഗത്തെ ഭൂരിഭാഗം പേർക്കും ക്ഷേമനിധിയോ സൗജന്യ ഇൻഷുറൻസ് പരിരക്ഷയോ ഇല്ല. സർക്കാറുകളും പൂർണമായി അവഗണിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പുകൾ ഫോട്ടോഗ്രാഫർമാരുടെ സഹായത്തോടെ ഫോട്ടോകൾ എടുത്ത് നൽകിയെങ്കിലും ഇതുവരെയും പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുണ്ട്.
വിഷയത്തിൽ പുതിയ മന്ത്രിസഭ ഇടപെട്ട് ദുരിതത്തിലായവർക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. സീനിയർ ഫോട്ടോഗ്രാഫർ സുരേന്ദ്രൻ പയ്യോളി ഉദ്ഘാടനം ചെയ്തു. ഷാജി പയ്യോളി, അനുപ് ദൃശ്യ, പ്രകാശൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.