പയ്യോളിക്കാർ പറയുന്നു, ഇങ്ങനെയെങ്കിൽ പഴയ റോഡുതന്നെ മതിയായിരുന്നു
text_fieldsആവിക്കൽ -കൊളാവിപ്പാലം റോഡ് പൊളിച്ചിട്ടിരിക്കുന്നതിനെതിരെ എസ്.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
പയ്യോളി: കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ ഇങ്ങനെ പൊളിച്ചിടുന്നതിനേക്കാൾ ഭേദം ശോച്യാവസ്ഥയിലായിരുന്ന പഴയ റോഡുതന്നെ മതിയായിരുന്നുവെന്നാണ് പയ്യോളി ആവിക്കൽ-കൊളാവിപ്പാലം റോഡ് നിവാസികൾ പറയുന്നത്. റോഡ് റീ ടാർ ചെയ്ത് നവീകരിക്കുന്നതിനായി നിലവിലെ റോഡ് പൊളിച്ച ശേഷം പ്രവൃത്തി പൂർണമായും നിലച്ചിരിക്കുകയാണ്. തീരദേശത്തെ ഏറ്റവും പ്രധാന റോഡുകളിലൊന്നാണ് ഇപ്പോൾ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ മുമ്പുണ്ടായിരുന്ന ടാറിങ് പൊളിച്ചുവെച്ച നിലയിലായിട്ടുള്ളത്. പയ്യോളി ബീച്ച് റോഡ്- ആവിക്കൽ ജങ്ഷനിൽ നിന്നും കൊളാവിപ്പാലത്തേക്ക് പോകുന്ന ഏകദേശം നാല് കിലോമീറ്റർ റോഡാണ് പൊളിച്ചിട്ടിരിക്കുന്നത്.
ബസുകൾ കുറവായ റൂട്ടിൽ ഓട്ടോറിക്ഷകൾ മാത്രമാണ് പൊതുവാഹനമായി ജനങ്ങളുടെ ആശ്രയം. എന്നാൽ, ഓട്ടോകൾക്കുപോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. റോഡിന്റെ ഈ അവസ്ഥ കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.
നഗരസഭയിലെ പതിനഞ്ചോളം വാർഡുകളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന റോഡാണ് ഭൂരിഭാഗം സ്ഥലങ്ങളിലും നിർമാണം തുടങ്ങാതെ റോഡ് പൊട്ടിച്ചിട്ടിരിക്കുന്നത്. ചില ഭാഗത്ത് ടാറിങ് പൊളിക്കാതെയും ബാക്കിവെച്ചിട്ടുണ്ട്. ഭഗവാൻമുക്ക്, ഗാന്ധിനഗർ, സേവനനഗർ, നർത്തന, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് താരാപുരം ജങ്ഷൻ വരെ ഇതേ അവസ്ഥയിലാണുള്ളത്.
എം.എൽ.എ ഫണ്ടിൽ നിന്നും രണ്ടു കോടിയോളം രൂപ അനുവദിച്ചാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണപ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്. എന്നാൽ, റോഡരികിൽ പലയിടങ്ങളിലായി മെറ്റൽകൂനകൾ ഇറക്കിയതല്ലാതെ പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ല. ശ്രീകൃഷ്ണ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ ക്ഷേത്ര കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുനിസിപ്പൽ എസ്.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ റോഡ് പൊട്ടിപ്പൊളിച്ചതിനെതിരെ പ്രതിഷേധിച്ചു. യു.കെ.പി. റഷീദ്, ടി.കെ. ലത്തീഫ്, സിറാജ് കോട്ടക്കൽ, കെ.വി. സജീർ, ടി. റാഫി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.