നാട്ടിലാെക വെള്ളക്കെട്ടും കുഴിയും
text_fieldsപയ്യോളി: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്ന അഴിയൂർ-വെങ്ങളം പാതയിൽ മഴ തുടങ്ങിയതോടെ യാത്രാദുരിതം വർധിച്ചു. ആറുവരിപാതയുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഇരുഭാഗത്തും ഏറെ വീതികുറഞ്ഞ സർവിസ് റോഡുകൾ വഴി വൺവെയായാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. പയ്യോളി-വടകര ദേശീയപാതയിൽ മൂരാട് ഓയിൽ മിൽ ബസ് സ്റ്റോപ്പിന് സമീപം ഇരുഭാഗത്തെയും സർവിസ് റോഡുകൾ പൂർണമായും തകർന്നു.
വെള്ളക്കെട്ടും രൂപപ്പെട്ടതോടെ റോഡിലെ കുഴി എവിടെയാണെന്ന് അറിയാതെ ഇരുചക്രവാഹനയാത്രക്കാരടക്കം ദുരിതമനുഭവിക്കുകയാണ്. മൂരാട് പുതിയ ആറുവരിപ്പാലം പൂർണമായും തുറന്നുകൊടുത്തെങ്കിലും പാലത്തിന് തെക്കുഭാഗത്ത് ഓയിൽമിൽ പരിസരംമുതൽ ഇരിങ്ങൽ മങ്ങൂൽപാറവരെ റോഡ് തകർന്നത് കാരണം യാത്രാദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല.
ഇരിങ്ങൽമുതൽ നന്തിവരെയുള്ള ഇരുഭാഗത്തെയും സർവിസ് റോഡിനോട് അനുബന്ധിച്ചുള്ള ഡ്രൈനേജിന്റെ സ്ലാബുകൾ നിരവധി സ്ഥലങ്ങളിൽ തകർന്ന് ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയുയർത്തുന്നുണ്ട്. വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ നിർമാണം പൂർത്തിയായ ആറുവരിപാത യാത്രായോഗ്യമാക്കിയിട്ടുള്ളൂ.
ഡ്രൈനേജ് നിർമിച്ചുവെന്നല്ലാതെ മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം പൂർണമായിട്ടില്ല. സർവിസ് റോഡിൽനിന്ന് ഭാരംകൂടിയ വാഹനങ്ങൾ ഓടിച്ചുകയറ്റുമ്പോഴാണ് ഡ്രൈനേജിന്റെ സ്ലാബുകൾ തകരുന്നത്. തകർന്ന ഡ്രൈനേജുകൾക്ക് ഒരാൾപൊക്കത്തിലധികം ആഴമുണ്ട്. സ്ലാബുകൾ പുനഃസ്ഥാപിക്കാനോ തകർന്ന സ്ഥലങ്ങളിൽ അപായസൂചന നൽകാനോ റോഡ് നിർമാണ കമ്പനി തയാറാവാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
കൊയിലാണ്ടി: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയുടെ പലഭാഗങ്ങളിലും കനത്ത മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഉൾനാടുകളിലേക്ക് വാഹനഗതാഗതവും കാൽനടയാത്രയും ദുസ്സഹമാകുന്നു. പൊയിൽക്കാവ്, ചേമഞ്ചേരി, പൂക്കാട്, തിരുവങ്ങൂർ, പന്തലായനി, മൂടാടി, നെല്ലാടിക്കടവ് എന്നിവിടങ്ങളിലേക്കാണ് രൂക്ഷമായ യാത്രാദുരിതം. മഴവെള്ളം ഒഴുകിപ്പോകുന്നതിന് നേരത്തേയുണ്ടായിരുന്ന പ്രകൃതിദത്തമായ പല നീർച്ചാലുകളും ബൈപാസ് നിർമാണപ്രവൃത്തി കാരണം ഇല്ലാതായതാണ് പ്രശ്നം ഗുരുതരമാക്കിയത്.
ഇതോടെ ഈ ഭാഗത്തേക്ക് പോകുന്ന റോഡുകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ, ദേശീയപാതയിലും നിരന്തരം ഗതാഗതക്കുരുക്കുണ്ടാവുന്നു. ഗതാഗത തടസ്സമുണ്ടാവുന്ന സ്ഥലങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു. പ്രദേശത്തെ ജനങ്ങളുമായി പ്രശ്നങ്ങൾ ചർച്ചചെയ്തു. പ്രശ്നപരിഹാരത്തിന് ബൈപാസ് നിർമാണ അതോറിറ്റിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളീധരൻ തൊറോത്ത് ആവശ്യപ്പെട്ടു.
വാതക പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച റോഡ് നവീകരിച്ചില്ല
പൂനൂർ: സിറ്റി വാതകവിതരണ പദ്ധതിയുടെ ഭാഗമായി ഉണ്ണികുളം പഞ്ചായത്തിലെ പൂനൂർ ചേപ്പാല-പൈക്കാപ്രംകണ്ടി ഹരിജൻ കോളനി റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി വെട്ടിപ്പൊളിച്ച റോഡ് പുനർനിർമാണം നടത്തുന്നതിൽ കാലതാമസം വരുത്തിയതിനാൽ ചളിനിറഞ്ഞ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ താഴ്ന്നുപോകുന്നതായി നാട്ടുകാർ പറയുന്നു.
ഈ ഭാഗത്തെ പല ഗ്രാമീണ റോഡുകളും ചളിക്കുളമായിട്ടുണ്ട്. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർക്കാണ് റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത്. പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും ആശുപത്രിയിലേക്ക് പോകേണ്ടവർ ഉൾപ്പെടെ പ്രായമായവരടക്കമുള്ള നാട്ടുകാരും പ്രതിസന്ധിയിലാണ്.
റോഡിലെ ആഴത്തിലുള്ള കുഴികളിൽ വെള്ളവും ചളിയും നിറഞ്ഞതോടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. 14 ലക്ഷം രൂപ വിനിയോഗിച്ച് ഒരു വർഷം മുമ്പ് റീടാറിങ് ചെയ്ത് നവീകരിച്ച റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നത്. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
തലയാട് -കക്കയം റോഡ് ചളിക്കുളം
ബാലുശ്ശേരി: തലയാട്-കക്കയം റോഡിലൂടെയുള്ള വാഹനയാത്ര ദുരിതമാകുന്നു. കക്കയം തലയാട് പ്രദേശങ്ങളിൽ മഴ ശക്തമായതോടെ റോഡാകെ ചളിക്കുളമായി. ഇതുവഴിയുള്ള മലയോര നിവാസികളുടെ യാത്ര പ്രയാസത്തിലാണ്. കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളും സഞ്ചാരികളും കടന്നുപോകുന്ന പ്രധാന റോഡാണ് ചളിക്കുണ്ടായി മാറിയത്.
മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രാക്ലേശവും രൂക്ഷമായിട്ടുണ്ട്. മലയോര ഹൈവേയുടെ ഭാഗമായി തലയാട് താഴെയങ്ങാടിയിലുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്. റോഡ് താഴ്ത്തുന്നതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടിരിക്കയാണ്.
റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് കൂട്ടിയിട്ട നിലയിലുമാണ്. മഴ ശക്തമായതോടെ വെള്ളം റോഡിലേക്ക് കുത്തിയൊഴുകി മണ്ണും ചളിയും റോഡിലാകെ നിറഞ്ഞു. മഴക്കാലത്തിനു മുമ്പേ റോഡുപണി പൂർത്തിയാക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയടക്കം പ്രഖ്യാപിച്ചിരുന്നത്.
പടിക്കൽ വയൽ മുതൽ 28ാംമൈൽവരെ ഏഴ് കിലോമീറ്റർ ദൂരത്തിലാണ് 47 കോടി രൂപയുടെ പ്രവൃത്തികൾ നടക്കുന്നത്. റോഡോരത്തെ മരങ്ങളും യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡിലേക്ക് മരം കടപുഴകിയപ്പോൾ പഞ്ചായത്തംഗം തലനാരിക്കാണ് രക്ഷപ്പെട്ടത്. മഴക്കാലമായാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.