പിതൃതുല്യനായ ഗുരുവിന് മുന്നിൽ ഹൃദയവേദനയോടെ ഉഷ
text_fieldsപയ്യോളി: പ്രിയെപ്പട്ട നമ്പ്യാർ സാറിെൻറ മരണം പ്രിയ ശിഷ്യ പി.ടി. ഉഷയുടെ ഉള്ളുലക്കുന്നതായിരുന്നു. മണിയൂരിൽ ഒ.എം. നമ്പ്യാരുടെ വീട്ടിൽ വിതുമ്പുന്ന ഹൃദയത്തോടെയാണ് ഉഷയും ഭർത്താവ് ശ്രീനിവാസനുമെത്തിയത്. ചേതനയറ്റ ശരീരം കണ്ട് കൈകൂപ്പി നിന്നു. ഓർമകളുടെ തിരയിളക്കം പ്രിയ ശിഷ്യയുടെ മനസ്സിലുണ്ടായിരുന്നു. പിതൃതുല്യനാണ് മരണത്തിലേക്ക് ഓടിപ്പോയതെന്ന് ഉഷ പറഞ്ഞു.
23 വർഷം മുമ്പ് ഒാണനാളിലാണ് തെൻറ പിതാവ് പൈതൽ മരിച്ചതെന്ന് ഉഷ പറഞ്ഞു. പിതൃതുല്യനായ ഗുരു വിടവാങ്ങിയതും മറ്റൊരു ഓണക്കാലത്ത്. സാധാരണ ദേശീയതലത്തിൽ ഒരു താരമെത്തിയാലാണ് കോച്ചുമാർ കൂടുതൽ ശ്രദ്ധ നൽകുക. എന്നാൽ, 12ാം വയസ്സിൽതന്നെ തനിക്ക് എല്ലാ പിന്തുണയും പരിശീലനവും നൽകി. വിജയത്തിൽ ഏറെ ആഹ്ലാദിച്ചിരുന്ന നമ്പ്യാർ സാർ പരാജയങ്ങളിൽ വിമർശിക്കാതെ കൂടെ നിന്നെന്നും ഉഷ ഓർക്കുന്നു.
ഇന്ത്യയുടെ മേൽക്കുപ്പായം അണിയുകയെന്ന ആഗ്രഹം എക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു. കോച്ചെന്ന നിലയിൽ അത് സാധ്യമായി. ഇടക്കിടെ നമ്പ്യാരെ കാണാൻ വരുന്നതും ഉഷ അനുസ്മരിച്ചു. ഏത് ഓർമക്കുറവിനിടയിലും തന്നെ തിരിച്ചറിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാതെ മണിയൂരിലെ വീട്ടിൽനിന്ന് തിരിച്ചയക്കരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നെന്നും പി.ടി. ഉഷ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.