റോഡ് നിർമാണം നിർത്തിവെച്ചു നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
text_fieldsപയ്യോളി: റോഡ് ടാർ ചെയ്യാനായി സാധനസാമഗ്രികൾ ഇറക്കിയശേഷം പഞ്ചായത്ത് അധികൃതർ നിർമാണപ്രവൃത്തി അനിശ്ചിതമായി നിർത്തിവെച്ചതിൽ പ്രതിഷേധം. പുറക്കാട് കുറുങ്ങിമുക്ക് - മുല്ലതുരുത്തി ഭാഗത്തേക്കുള്ള പുതിയ റോഡ് നിർമാണത്തിനായി തിക്കോടി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി തൊഴിലുറുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടാറിങ്ങിന് ആവശ്യമായ സാധന സാമഗ്രികൾക്കായി നാല് ലക്ഷത്തോളം രൂപ ഫണ്ട് വകയിരുത്തിയിരുന്നത്. ടാറിങ് ഉൾപ്പെടെ നിർമാണജോലികൾ തൊഴിലുറപ്പ് തൊഴിലാളികൾക്കായിരുന്നു ചുമതല.
എന്നാൽ, റോഡ് പ്രവൃത്തിക്ക് നിലവിലെ തിക്കോടി പഞ്ചായത്ത് ഭരണസമിതി ചുവപ്പുകൊടി കാണിച്ചത് തിരിച്ചടിയാവുകയായിരുന്നു.
വേണ്ടർ രജിസ്ട്രേഷനുള്ള കരാറുകാരൻ മുഖേനയാണ് സാധന സാമഗ്രികൾ റോഡിന് സമീപം മാസങ്ങൾക്ക് മുമ്പേ ഇറക്കിവെച്ചത്. മണലും മെറ്റലും ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിന് സമീപത്തെ വീട്ടുമുറ്റത്ത് ഇറക്കിവെച്ചത് കാരണം ഇപ്പോൾ വീട്ടുകാർക്കും ദുരിതമായിരിക്കുകയാണ്.
എന്നാൽ, സ്പിൽ ഓവറായി കഴിഞ്ഞ പദ്ധതികൾ റദ്ദാക്കിയതായി പഞ്ചായത്തധികൃതർ വ്യക്തമാക്കിയതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രദേശത്ത് പോസ്റ്ററുകൾ പതിച്ച് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ടെൻഡർ നടപടിയായിട്ടും യു.ഡി.എഫ് ഭരിക്കുന്ന വാർഡുകളോടുള്ള എൽ.ഡി.എഫിെൻറ സമീപനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് 53ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫിസ് മാർച്ച് ഉൾപ്പെടെ പ്രക്ഷോഭ പരിപാടികളുമായി വെൽഫെയർ പാർട്ടിയും സമരരംഗത്തേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.