ആരോട് പറയുമീ ദുരിതം...
text_fieldsപയ്യോളി: കാലവർഷം ശക്തിപ്രാപിക്കുംമുമ്പ് പയ്യോളി-വടകര ദേശീയപാതയിലൂടെയുള്ള യാത്ര ദുഷ്കരം. റോഡ് തകർച്ചയും വെള്ളക്കെട്ടും കൂടാതെ പൊതുവെ മൂരാട് പാലത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കും കൂടിയാവുമ്പോൾ ദീർഘസമയമാണ് പയ്യോളിയിൽനിന്ന് 11 കിലോമീറ്റർ ദൂരം മാത്രമുള്ള വടകരയിലെത്താൻ എടുക്കുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ പാത പൂർണമായും പൊളിച്ചുമാറ്റി പുതിയ പാതയുടെ നിർമാണം തകൃതിയായി നടന്നുകൊണ്ടിരിക്കെ താൽക്കാലികമായി വാഹനങ്ങൾ കടന്നുപോകുന്നത് പുതിയ സർവിസ് റോഡിലൂടെയും ഭാഗികമായി നിർമാണം പൂർത്തിയായ പുതിയ പാതയും വഴിയാണ്. സർവിസ് റോഡുകളിലൂടെ വൺവേ ആയാണ് വാഹനങ്ങൾ കടന്നുപോവുന്നത്. ഇതിൽ വടകര ഭാഗത്തേക്കുള്ള സർവിസ് റോഡ് അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം പൂർണമായും തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
അൽപം താഴ്ചയുള്ള ഇവിടെ റോഡ് സമനിരപ്പല്ലാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ച് കെട്ടിക്കിടക്കുന്നത് കാരണം വാഹനങ്ങൾ കുഴിയിലകപ്പെടുകയാണ്. ഇതുവഴി വാഹനങ്ങൾ വേഗത കുറക്കുന്ന സന്ദർഭത്തിൽ മറികടന്ന് പോവാൻ കഴിയാതെ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെടുകയാണ്.
അതോടൊപ്പം മൂരാട് ഓയിൽമിൽ ജങ്ഷന് സമീപം ദേശീയപാതയിൽ കൂറ്റൻ വെള്ളക്കെട്ടുകൂടി രൂപപ്പെട്ടതോടെ ദുരിതം ഇരട്ടിയായി.
പയ്യോളി ടൗണിന് വടക്കുഭാഗത്തും സമാനരീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാത നിർമാണവും ഓവുചാലിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ല. ഗതാഗതക്കുരുക്ക് നീളുമ്പോൾ കൊയിലാണ്ടി, പേരാമ്പ്ര ബസ് പയ്യോളിയിൽ ട്രിപ് അവസാനിപ്പിക്കുന്നത് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.