രക്ഷിച്ചത് നിരവധി ജീവനുകൾ; അസ്സുവിന് പൊലീസിന്റെ ആദരം
text_fieldsപയ്യോളി: ജീവനുവേണ്ടി പിടയുന്ന ഏത് അത്യാസന്ന രോഗിയെയും വഹിച്ച് മിനിറ്റുകൾകൊണ്ട് ആശുപത്രിയിലെത്താൻ പയ്യോളിയിലെ അസ്സുവിന്റെ ആംബുലൻസ് എപ്പോഴും വിളിപ്പുറത്തുണ്ട്. ജോലി ചെയ്യുന്നതിനുള്ള പ്രതിഫലത്തേക്കാളുപരി, സേവന സന്നദ്ധതക്ക് മുൻഗണന നൽകി ഓരോ ജീവനും വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന അസ്സു ഒടുവിൽ കേരള പൊലീസിന്റെ ആദരവിന് അർഹനായി. ഖത്തർ കെ.എം.സി.സി - ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസിന്റെ ഡ്രൈവറും പയ്യോളി തച്ചൻകുന്ന് പീടികക്കണ്ടി മൊയ്തീന്റെ മകനുമായ അസ്ഹൽ (33) എന്ന അസ്സുവാണ് 'സാമൂഹ്യസേവന രംഗത്തെ കർമനിരതയുടെ മുഖം' എന്ന് പൊലീസ് ആലേഖനം ചെയ്ത ഉപഹാരം ഏറ്റുവാങ്ങിയത്.
റോഡിലും റെയിൽപാളത്തിലും പുഴയോരത്തും തീപിടിത്തത്തിലുമെല്ലാം അത്യാഹിതത്തിൽപെടുന്നവരെ രക്ഷപ്പെടുത്താൻ പയ്യോളി പൊലീസിന് പലപ്പോഴും തുണയാവുന്നത് അസ്സുവിന്റെ ആംബുലൻസാണ്. 2021 ഒക്ടോബറിൽ മഹാനവമി ആഘോഷവേളയിൽ മാരകമായി പൊള്ളലേറ്റ യുവതിയെ പയ്യോളിയിൽനിന്ന് 46 കിലോമീറ്ററകലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വെറും 27 മിനിറ്റുകൊണ്ട് ഓടിയെത്തിയതാണെന്ന് അസ്സു ഓർക്കുന്നു. പലപ്പോഴും അപകടത്തിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ പെട്ടെന്ന് തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ മണിക്കൂറുകൾ നഷ്ടപ്പെടുകയും ഓടിയ ചാർജ് പോലും ലഭിക്കാത്ത സന്ദർഭങ്ങൾ പോലുമുണ്ടാവാറുമുണ്ട്. ഇത്തരം അവസരങ്ങളിൽ പൊലീസ് ബന്ധുക്കളുമായി ഇടപെട്ട് പണം പിന്നീട് വാങ്ങിത്തരുകയാണ് പതിവെന്നും എന്നാൽ താൻ പണത്തേക്കാളും സന്നദ്ധതക്കാണ് മികച്ച പരിഗണന കൊടുക്കാറുള്ളതെന്നും ഏഴു വർഷമായി പയ്യോളി ടൗണിലെ ആംബുലൻസ് ഡ്രൈവറായ അസ്ഹൽ പറഞ്ഞു.
പയ്യോളി പൊലീസ് സ്റ്റേഷനിൽവെച്ച് അസ്സുവിന് സി.ഐ കെ.സി. സുഭാഷ് ബാബു ഉപഹാരം കൈമാറി. ടൗണിൽ പേരാമ്പ്ര റോഡിലെ സ്വകാര്യ ആശുപത്രി പരിസരത്താണ് അസ്സു ആംബുലൻസ് സാധാരണ നിർത്തിയിടാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.