ആറുവരി ദേശീയപാത: മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി ധ്രുതഗതിയിൽ
text_fieldsപയ്യോളി: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിെൻറ ഭാഗമായി ഇരുവശത്തെയും മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി ധ്രുതഗതിയിൽ പുരോഗമിക്കുന്നു. അഴിയൂർ - വെങ്ങളം റീച്ചിലെ വികസന പ്രവൃത്തികളുടെ ഭാഗമായാണ് പ്രാഥമിക പ്രവൃത്തികൾക്ക് വേഗത കൈവന്നിരിക്കുന്നത്. മൂരാട് പാലത്തിന് തെക്കുഭാഗം മുതൽ അയനിക്കാട് പള്ളി ബസ്സ്റ്റോപ് വരെയുള്ള ഇരുവശത്തെയും വീടുകൾ, പീടികമുറികൾ, മറ്റ് കെട്ടിടങ്ങൾ, സ്ഥലത്തിെൻറ അതിരുകൾ വേർതിരിക്കുന്ന മതിൽക്കെട്ടുകൾ തുടങ്ങിയവ 90 ശതമാനത്തോളം പൊളിച്ചുമാറ്റിക്കഴിഞ്ഞു.
തുടർന്നാണ് തണൽമരങ്ങൾ അടക്കമുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റിയത്. തണൽമരങ്ങൾ കൂടുതലായും തളിപ്പറമ്പിലെയും കൊച്ചി പെരുമ്പാവൂരിലെയും പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് കൊണ്ടുപോയത്. ഇരുവശത്തെയും തെങ്ങുകൾ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
മൂരാട് മുതൽ പയ്യോളിവരെ ആയിരത്തിലധികം തെങ്ങുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. അയനിക്കാട് ഭാഗത്താണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്.'പീറ്റ' എന്നറിയപ്പെടുന്ന 20 മുതൽ 30 മീറ്റർ വരെ വരുന്ന കൂറ്റൻ തെങ്ങുകളാണ് മുറിക്കുന്നവയിൽ ഏറെയും.
മുറിച്ചുമാറ്റിയ ഇത്തരം തെങ്ങുകൾ കായ്ഫലങ്ങൾ വെട്ടിമാറ്റിയശേഷം ചെറുകഷണങ്ങൾ ആക്കി മാറ്റാതെ അതേപടി കയറ്റി അയക്കുകയാണ് ചെയ്യുന്നത്. കൂറ്റൻ ട്രെയിലറുകളിലും നീളമേറിയ ലോറികളിലുമാണ് ഇവ ക്രെയിനുകളുടെ സഹായത്തോടെ കയറ്റുന്നത്. ഇത്തരം തെങ്ങുകൾ പാലം നിർമാണത്തിനുള്ള പൈലിങ് പ്രവൃത്തികൾക്കാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നതെന്ന് മരംമുറി പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരനായ ഹാഷിം ഇരിക്കൂർ 'മാധ്യമ'ത്തോട് പറഞ്ഞു. തൃശൂർ ഭാഗത്തേക്കാണ് ഇപ്പോൾ പ്രധാനമായും കൊണ്ടുപോകുന്നതെന്നും പത്തിലധികം ട്രെയിലറുകളിൽ ലോഡുകൾ കയറ്റിയയച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാക്കിവരുന്ന മരങ്ങളുടെ ശിഖിരങ്ങളും മറ്റും വിറകിനായി നാട്ടുകാരും ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.