‘ഇരിങ്ങലിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം’
text_fieldsപയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കോവിഡ് കാലത്ത് പാസഞ്ചർ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയതോടു കൂടിയാണ് ഇരിങ്ങലിൽ ട്രെയിനുകളുടെ സ്റ്റോപ്പിന്റെ എണ്ണത്തിൽ കുറവ് വന്നത്. മുമ്പ് പാസഞ്ചറായി ഓടിയ മിക്ക ട്രെയിനുകളും കോവിഡിനു ശേഷം എക്സ്പ്രസുകളായി മാറിയതോടെ ഇരിങ്ങൽ അവഗണിക്കപ്പെടുകയായിരുന്നു.
ഇപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് വൈകീട്ട് 4.12ന് എത്തുന്ന കണ്ണൂർ-ഷൊർണൂർ പാസഞ്ചർ, വൈകീട്ട് 6.22ന് എത്തുന്ന കണ്ണൂർ-ഷൊർണൂർ മെമു എന്നിവയും, കണ്ണൂർ ഭാഗത്തേക്ക് രാവിലെ 7.32നുള്ള മെമുവും, ഉച്ചക്ക് 2.59ന് കണ്ണൂരിലേക്കുള്ള പാസഞ്ചറുമടക്കം ആകെ നാല് ട്രെയിനുകളാണ് നിർത്തുന്നത്. മുമ്പ് നിർത്തിയിരുന്ന രാവിലെ 6.57നുള്ള കോയമ്പത്തൂർ എക്സ്പ്രസും, തിരിച്ച് വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിലേക്കുള്ള ട്രെയിനുകൾക്കുമുണ്ടായിരുന്ന സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. അതോടൊപ്പം രാവിലെ ഒമ്പതിനുള്ള കോഴിക്കോട് എക്സ്പ്രസ്, രാവിലെ 10.15ന് കണ്ണൂരിലേക്കുള്ള ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്നാണ് ആവശ്യം. കൂടാതെ, പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തറനിരപ്പിൽ നിന്നുള്ള പ്ലാറ്റ് ഫോം ഉയർത്തിയാൽ മാത്രമേ യാത്രക്കാർക്ക് സുഗമമായി ഇറങ്ങാൻ സാധിക്കുകയുള്ളൂ. വിഷയത്തിൽ നവംബർ ഒന്നിന് വൈകീട്ട് നാലിന് ഇരിങ്ങൽ റെയിൽവേ ഡെവലപ്മെന്റ് ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ബഹുജന സായാഹ്ന ധർണ സംഘടിപ്പിച്ചുകൊണ്ട് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.