ദേശപ്പെരുമയുടെ കഥാകാരന് നാടിന്റെ വിട
text_fieldsപയ്യോളി : മണിയൂർ തെരുവിെൻറ കഥാഖ്യാനത്തിലൂടെ മലയാള നോവലിന് മനുഷ്യാനുഭവങ്ങളുടെ സൗന്ദര്യശാസ്ത്രം പരിചയപ്പെടുത്തിയ ദേശപ്പെരുമയുടെ കലാകാരന് നാട് വിട നൽകി. ഞായറാഴ്ച നിര്യാതനായ യുവകലാസാഹിതി മുൻ സംസ്ഥാന വൈസ് പ്രസിഡൻറും സാഹിത്യകാരനുമായ മണിയൂർ ഇ. ബാലൻ മാസ്റ്ററുടെ വിയോഗം മലയാള സാഹിത്യലോകത്തിന് തീരാനഷ്ടമാണുണ്ടാക്കിയത്.
മണിയൂർ പഞ്ചായത്തിൽ ജനിച്ച മാസ്റ്ററുടെ ജീവിതത്തിന്റെ നല്ലൊരു പങ്കും പയ്യോളിയുമായി ബന്ധപ്പെട്ടായിരുന്നു. 1962 ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ച ഇദ്ദേഹം നിരവധി സ്കൂളുകളിൽ സേവനമനുഷ്ഠിച്ച ശേഷം 1993 ൽ പയ്യോളി ഗവ. ഹയർ സെക്കൻഡറിയിൽ നിന്നാണ് വിരമിക്കുന്നത്. ഇതേ സ്കൂളിലെ അധ്യാപകരായിരുന്ന അന്തരിച്ച എം. കുട്ടികൃഷ്ണൻ മാസ്റ്റർ, കൊടക്കാട് ശ്രീധരൻ മാസ്റ്റർ തുടങ്ങിയ പ്രതിഭാധനരോെടാപ്പം ബാലൻ മാസ്റ്ററുടെ സാന്നിധ്യവും അക്കാലത്ത് ഭാഷാധ്യാപന രംഗത്ത് പയ്യോളി ഗവ. ഹൈസ്കൂളിന് നിറക്കൂട്ടായിരുന്നു. 1971 ൽ രചിച്ച ആദ്യനോവലായ 'ചുടല' മുതൽ അഞ്ചു നോവലുകൾ, രണ്ടു നോവലൈറ്റ്, ആറ് കഥാസമാഹാരങ്ങൾ, ഒരു ലേഖന സമാഹാരം തുടങ്ങിയവ രചിച്ച ബാലൻ മാസ്റ്റർക്ക് ആറിലധികം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജന്മനാടിന്റെ പേരിനൊപ്പം അറിയപ്പെട്ട ഇദ്ദേഹം ഒരു കാലത്ത് മണിയൂരിലെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
മണിയൂർ ജനത ലൈബ്രറിയുടേയും, മണിയൂർ ഗ്രാമീണ കലാവേദിയുടേയും സ്ഥാപക സെക്രട്ടറി കൂടിയാണ്. മികച്ച അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. മണിയൂർ ഇ.ബാലന്റെ 'തെരഞ്ഞെടുത്ത കഥകൾ' എന്ന പേരിൽ ഒരു പുസ്തകം പ്ലാവില ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ൽ പുറത്തിറക്കിയ ഡോ. ശശികുമാർ പുറമേരി രചിച്ച 'മണിയൂർ ഇ.ബാലൻ എഴുത്തും ജീവിതവും' എന്ന പുസ്തകം ഇദ്ദേഹത്തിന്റെ കഥാജീവിതം വ്യക്തമായി വരച്ചുകാട്ടുന്നതായിരുന്നു.
മണിയൂർ ഇ. ബാലൻ മാസ്റ്ററുടെ നിര്യാണത്തിൽ ഗ്രാമിക കലാവേദി അനുശോചിച്ചു. ഓൺലൈൻ യോഗത്തിൽ സുരേന്ദ്രൻ പയ്യോളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എം. സുരേഷ് ബാബു, ഷിനു കീഴൂർ , ഗിരീഷ് മങ്കര , പി.ടി. ഗിമേഷ്, ഷനജ് ഉള്ള്യേരി, സദു ആവള എന്നിവർ സംസാരിച്ചു. നിര്യാണത്തിൽ അയനിക്കാട് റിക്രിയേഷൻ സെൻറർ ആൻഡ് വായനശാല അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.