തീരദേശ കുടിവെള്ളപദ്ധതിക്ക് അധികതുക: ആശങ്കക്ക് വിരാമം
text_fieldsപയ്യോളി: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പയ്യോളി തീരദേശത്തെ കുടിവെള്ള പദ്ധതിക്ക് മുന്നിലെ തടസ്സങ്ങൾ മാറ്റി പ്രവർത്തനാനുമതി നൽകിയതായി കാനത്തിൽ ജമീല എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക് ഒന്നാം പിണറായി സർക്കാർ 35 കോടി രൂപ അനുവദിച്ചിരുന്നു.
തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കി പദ്ധതിക്ക് ഭരണാനുമതി ലഭിച്ച ശേഷം ടെൻഡർ വ്യവസ്ഥകൾ അംഗീകരിച്ച് മലപ്പുറം ആസ്ഥാനമായ മിഡ്ലാൻഡ് എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി കരാർ ഏറ്റെടുത്ത് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാൻ തയാറെടുക്കുകയായിരുന്നു. ഇതിനിടെ, പൈപ്പിന്റെ വൻ വിലവർധന കാരണം 20 ശതമാനം അധികതുക ലഭിക്കണമെന്ന കരാറുകാരന്റെ ആവശ്യം ജല അതോറിറ്റി അംഗീകരിക്കാത്തതിനാൽ വിഷയം കോടതി കയറിയതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഹൈകോടതി വിധി കരാറുകാരന് അനുകൂലമായതോടെ ജല അതോറിറ്റി അപ്പീലിന് പോകാനുള്ള തയാറെടുപ്പിലായിരുന്നു.
എന്നാൽ, വീണ്ടും പദ്ധതി നിയമക്കുരുക്കിലേക്ക് പോയാൽ റീ ടെൻഡർ നൽകേണ്ടിവരുമെന്നും പദ്ധതിക്ക് വീണ്ടും ഒട്ടേറെ കാലതാമസവും എടുക്കുമെന്ന വിമർശനമുയർന്നു.
ഇതോടെ കാനത്തിൽ ജമീല എം.എൽ.എയുടെയും നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖിന്റെയും നിരന്തര ഇടപെടലിലൂടെയും പുൽക്കൊടി കൂട്ടം സാംസ്കാരിക വേദിയുടെ പ്രക്ഷോഭങ്ങളുടെയും ഫലമായി ജലസേചന മന്ത്രി റോഷി അഗസ്റ്റിനടക്കം സർക്കാറിന്റെ ഉന്നതതലങ്ങളിൽ വിഷയം ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്ന്, ആവശ്യമായ മൊത്തം തുകയുടെ 20 ശതമാനമായ ഏഴുകോടിയോളം അധികം അനുവദിച്ച് പദ്ധതിക്ക് പ്രവർത്തനാനുമതി നൽകാൻ സർക്കാർ തയാറാവുകയായിരുന്നു. ഇതോടെ തീരദേശത്തെ നിരവധി വാർഡുകളിലെ കിണറുകളിൽ കാലങ്ങളായി അനുഭവപ്പെടുന്ന മഞ്ഞവെള്ള പ്രശ്നത്തിന് പദ്ധതിയിലൂടെ പരിഹാരമാവും.
വാർത്തസമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ, നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, വൈസ് ചെയർപേഴ്സൻ സി.പി. ഫാത്തിമ, സ്ഥിരം സമിതി ചെയർമാന്മാരായ കെ.ടി. വിനോദ്, വി.കെ. അബ്ദുറഹ്മാൻ, ഹരിദാസൻ, കൗൺസിലർ ടി. ചന്തു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.