നമ്പർ പ്ലേറ്റില്ലാതെ ടോറസ് ലോറികൾ; നടപടിയെടുക്കാതെ പൊലീസ്
text_fieldsനമ്പർ പ്ലേറ്റ് മറച്ച് പയ്യോളി-പേരാമ്പ്ര റൂട്ടിലൂടെ പോകുന്ന ലോറി
പയ്യോളി: നമ്പർ പ്ലേറ്റ് മറച്ചുവെച്ച് പരസ്യമായി നിയമലംഘനം നടത്തുന്ന ടോറസ് ലോറികൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. പയ്യോളി -പേരാമ്പ്ര റോഡിലൂടെ ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി മണലും മെറ്റലും കയറ്റി പോകുന്ന ലോറികളാണ് നിയമലംഘനം നടത്തുന്നതിൽ മുൻപന്തിയിൽ.
മുൻവശത്തും ഇരുവശങ്ങളിലുമായി നമ്പർ പ്ലേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും പുറകിൽ മനഃപൂർവം നമ്പർപ്ലേറ്റ് മറച്ചുവെച്ച നിലയിലാണ് കാണപ്പെടുന്നത്. ഒന്നുകിൽ നമ്പർപ്ലേറ്റ് എടുത്തുമാറ്റുക അല്ലെങ്കിൽ ചളിവാരി തേച്ച് നമ്പർ വ്യക്തമാക്കാത്ത രീതിയിൽ മടക്കിവെച്ചുമാണ് ലോറികൾ ഓടുന്നത്.
നിർമാണ കരാറുകാരായ വഗാഡിന്റെ ലോറികൾ ഇത്തരത്തിൽ ഈ റൂട്ടിന് പുറമെ ദേശീയപാത വഴിയും ഓടുന്നത് പതിവാണ്. പേരാമ്പ്ര, മേപ്പയൂർ ഭാഗത്തുനിന്ന് മെറ്റലും മണലുമായി വരുന്ന ലോറികളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. അപകടം വരുത്തിവെച്ചാൽ വണ്ടി നിർത്താതെ ഓടി രക്ഷപ്പെടാനും എ.ഐ കാമറകളുടെ നിരീക്ഷണത്തിൽ നിന്ന് പരമാവധി ഒഴിവാകാനുമാണ് ഇത്തരം വിദ്യകൾ ഒപ്പിച്ചു വെക്കുന്നതെന്നാണ് പറയപ്പെടുന്നത്.
അതേസമയം, ഇതേ റൂട്ടിലൂടെ ഹെൽമെറ്റ് ധരിക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ ഫോട്ടോയെടുത്ത് നടപടി സ്വീകരിക്കുന്നതിനായി ഹോം ഗാർഡ് അടക്കമുള്ള പൊലീസുകാർ സദാ ജാഗരൂകരാണ്. അതുപോലെ ബീച്ച് റോഡിൽ സാധനങ്ങൾ വാങ്ങാൻ വേണ്ടി പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിലും പുലർത്തുന്ന ജാഗ്രത ടോറസ് ലോറികൾക്കെതിരെ എടുക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.