അവധിക്കാലം തുടങ്ങി; ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി നാട്
text_fieldsപയ്യോളി: അർധവാർഷിക പരീക്ഷക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്മസ് അവധിക്കായി അടച്ചതോടെ ബസുകളിലും ട്രെയിനുകളിലും വൻതിരക്ക് അനുഭവപ്പെടുന്നു. പത്തു ദിവസത്തെ അവധി ദിനങ്ങൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാര മേഖലകളിലേക്ക് പുറപ്പെട്ടവരും ശബരിമല തീർഥാടനത്തിന് പോകുന്ന വാഹനങ്ങളും ഉൾെപ്പടെ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്.
ചെറിയ അപകടങ്ങളോ വലിയ വാഹനങ്ങൾ റോഡിൽനിന്ന് തിരിക്കാൻ ശ്രമിക്കുമ്പോഴോ വാഹനങ്ങൾ നിർത്തിയാൽ പിന്നീട് വൻഗതാഗതകുരുക്കാണ് അനുഭപ്പെടുന്നത്. പൊതുവേ വാഹന കുരുക്ക് അനുഭവപ്പെടുന്ന മൂരാട് പാലത്തിൽ നിലവിൽ ഗതാഗതകുരുക്ക് കാരണം മിക്കവാറും സമയങ്ങളിലും വീർപ്പുമുട്ടുന്ന അവസ്ഥയാണ്.
ഇവിടെ വാഹനങ്ങൾ മണിക്കൂറുകളോളമാണ് കുരുക്കിൽപെടുന്നത്. ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന അന്താരാഷ്ട കരകൗശലമേളയിലേക്ക് പോകുന്ന വാഹനങ്ങളും കുരുക്കിൽപ്പെടുന്നുണ്ട്. സ്കൂൾ അവധി തുടങ്ങിയ വെള്ളിയാഴ്ചയും ശനിയാഴ്ചയും നൂറുകണക്കിന് പേരാണ് കുരുക്കിലമർന്ന് വീർപ്പുമുട്ടിയത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെ ദേശീയപാതയിൽ പാലോളിപ്പാലത്തുണ്ടായ വാഹന അപകടത്തെ തുടർന്ന് മണിയൂർ വഴിയാണ് രാവിലെ ഒമ്പതു വരെ വാഹനങ്ങൾ തിരിച്ചുവിട്ടത്. ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ നിൽക്കാൻപോലും സ്ഥലമില്ലാത്ത രീതിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ ട്രെയിനുകൾ മലബാറിന് വേണ്ടത്ര രീതിയിൽ അനുവദിക്കാത്തത് തീരാശാപമായി മാറുകയാണ്.
രാവിലെയും വൈകീട്ടുമെല്ലാം പതിറ്റാണ്ടുകളായി ഓടുന്ന ട്രെയിനുകളല്ലാതെ സീസൺ ടിക്കറ്റ് യാത്രക്കാർ ഉൾപ്പടെയുള്ള മലബാറിലെ ഹ്രസ്വദൂരയാത്രക്കാർക്ക് ദുരിതയാത്രയാണ് ഇന്നുമുള്ളത്. അവധിക്കാലങ്ങളിലാണ് ഇതുപോലെ ദുരിതമേറെയും അനുഭവിക്കേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.