പാർട്ടി വിട്ട വാർഡ് മെംബർ മണിക്കൂറുകൾക്കകം തിരിച്ചെത്തി; എൽ.ജെ.ഡി.യിൽ നാടകീയ സംഭവങ്ങൾ
text_fieldsപയ്യോളി (കോഴിക്കോട്): തുറയൂരിൽ എൽ.ജെ.ഡിയിൽനിന്ന് രാജിവെച്ച വാർഡ് മെംബർ മണിക്കൂറുകൾക്ക് ശേഷം പാർട്ടിയിൽ തിരിച്ചെത്തി. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ദിവസം പതിനൊന്നാം വാർഡ് മെമ്പറായ എൽ.ജെ.ഡിയിലെ നജില അഷറഫ് പാർട്ടി വിട്ട് ജനതാദൾ - എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.
ഇതേ തുടർന്ന് വാർഡ് മെംബറെ കൂടാതെ എൽ.ജെ.ഡിയിൽ നിന്ന് രാജിവെച്ചവർക്ക് ജനതാദൾ - എസ് സ്വീകരണം നൽകി. ജില്ല പ്രസിഡൻറ് കെ. ലോഹ്യയിൽ നിന്നും നജില അഷറഫ് പാർട്ടി പതാക ഏറ്റുവാങ്ങുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
എന്നാൽ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രദേശത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച ഒരു പ്രതിഷേധ സമരത്തിൽ എൽ.ജെ.ഡി പ്രതിനിധിയായി പതാകയേന്തി ഗ്രാമപഞ്ചായത്ത് മെംബർ നജില അഷറഫ് പങ്കെടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതേത്തുടർന്ന് ഇരുപാർട്ടികളും വിശദീകരണങ്ങളുമായി രംഗത്തെത്തി.
പതിമൂന്നിൽ എട്ടു സീറ്റ് നേടി എൽ.ഡി.എഫ് ഭരിക്കുന്ന തുറയൂർ ഗ്രാമപഞ്ചായത്തിൽ ഘടകകക്ഷിയായ എൽ.ജെ.ഡിക്ക് രണ്ടും സി.പി. എമ്മിന് ആറും സീറ്റുകളാണുള്ളത്. അന്തരിച്ച യുവജനതദൾ നേതാവ് അജീഷ് കൊടക്കാടിെൻറ സ്മരണക്കായുള്ള സ്മാരക മന്ദിരത്തിെൻറ പണപ്പിരിവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൽ.ജെ.ഡിയിൽ നിന്ന് നൂറോളം പേർ രാജിവെച്ച് ജനതാദൾ - എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നാണ് ജെ.ഡി.എസ് നേതൃത്വം വ്യക്തമാക്കുന്നത്.
അജീഷ് കൊടക്കാടിെൻറ പിതാവ് കൊടക്കാട് ബാലൻ നായർ, പയ്യോളി കോ- ഓപ്പേററ്റിവ് അർബൻ ബാങ്ക് ഭരണസമിതിയംഗം കൊടക്കാട് ശ്രീനിവാസൻ, എൽ.വൈ.ജെ.ഡി നേതാക്കളായ ശ്രീജേഷ്, മുണ്ടാളി പ്രവീൺ, വിജേഷ് കൊടക്കാട്, എച്ച്.എം.എസ് നേതാവായ മുണ്ടംകുന്നുമ്മൽ കുഞ്ഞിക്കണാരൻ, എൽ.ജെ.ഡി മുൻ പഞ്ചായത്ത് സെക്രട്ടറി മാവുള്ളാട്ടിൽ രാമചന്ദ്രൻ, വള്ളിൽ മുരളി, അഷ്റഫ് കോറോത്ത് തുടങ്ങിയവരടക്കം നൂറോളം പേരാണ് എൽ.ജെ.ഡി. വിട്ട് പാർട്ടിയിൽ അംഗത്വമെടുത്തതെന്ന് ജനതാദൾ - എസ് നേതൃത്വം അറിയിച്ചു. ജില്ല പ്രസിഡൻറ് കെ. ലോഹ്യ പാർട്ടിയിലേക്ക് വന്നവരെ പതാക കൈമാറി സ്വീകരിച്ചു.
എൽ.ജെ.ഡി പ്രതിസന്ധിയിലെന്ന പ്രചാരണം അടിസ്ഥാനരഹിതം
തുറയൂരിൽ എൽ.ജെ.ഡി വലിയ പ്രതിസന്ധി നേരിടുന്നുവെന്ന പ്രചാരണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിെൻറ പേരിൽ ചിലർക്കെതിരെ അച്ചടക്ക നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മേൽകമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. അവരാണ് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ചില പാർട്ടിക്കാരെയും ഗ്രാമപഞ്ചായത്ത് മെംബറെയും തെറ്റിദ്ധരിപ്പിച്ചത്.
എന്നാൽ, പാർട്ടി നേതൃത്വത്തിൽ മതിയായ വിശദീകരണം ലഭിച്ചതിനാൽ അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടുകയും ഒറ്റക്കെട്ടായി പാർട്ടിയോടൊപ്പം നിലകൊള്ളുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ മറിച്ചുള്ള പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മധു മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.