തിക്കോടിയിൽ ബി.ജെ.പി വിമതപക്ഷം ഇടഞ്ഞുതന്നെ
text_fieldsപയ്യോളി: തിക്കോടിയിൽ ബി.ജെ.പി വിമതപക്ഷം ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞുതന്നെ. കഴിഞ്ഞ ദിവസങ്ങളിൽ ഇരുപക്ഷവും തിക്കോടി പഞ്ചായത്ത് ബസാറിൽ വെവ്വേറെ പൊതുപരിപാടികൾ നടത്തിയതോടെ വിമതപക്ഷം ശക്തിയായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനിച്ചതെന്ന് വ്യക്തമാവുന്നു.
കഴിഞ്ഞ ഏപ്രിൽ നാലിന് സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. തുടർന്ന് മൂന്നു ദിവസത്തിനുശേഷം ഏപ്രിൽ ഏഴിന് ബി.ജെ.പി തിക്കോടി പഞ്ചായത്ത് സമിതി എന്ന പേരിൽ സംസ്ഥാന സർക്കാറിനെതിരെ സായാഹ്ന ധർണ സംഘടിപ്പിക്കുകയുണ്ടായി.
വൻ പൊലീസ് സന്നാഹത്താൽ നടന്ന പരിപാടിയിൽ സ്ത്രീകളടക്കം വൻ ജനപങ്കാളിത്തമുണ്ടായി. സർക്കാറിന്റെ ദലിത് വിരുദ്ധ, സ്ത്രീപീഡന വിഷയങ്ങളിൽ ഊന്നിയാണ് പരിപാടി സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. യുവമോർച്ചയുടെ മുൻ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വി. രാജീവൻ മാസ്റ്ററാണ് ധർണ ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് സമിതി പ്രസിഡന്റ് ശിവപ്രസാദ് നടുക്കണ്ടി, എൻ. രാജൻ, അഡ്വ. എ.വി. സുനിൽകുമാർ, പി. വിശ്വനാഥൻ, കുമാരി ദേവനന്ദന, ചെറുകുന്നുമ്മൽ ബാബുരാജ്, കെ.കെ. ദിവാകരൻ എന്നിവരാണ് പങ്കെടുത്തത്. ബി.ജെ.പിയുടെ കൊടി ഉപയോഗിച്ച് തന്നെയാണ് വിമതപക്ഷവും പരിപാടി നടത്തിയത്.
ഇതിനു മുമ്പ് ബി.എം.എസ് നേതാവായിരുന്ന സി.ടി. മനോജിന്റെ ബലിദാനദിനമാചരിച്ചു കൊണ്ട് കഴിഞ്ഞ ഫെബ്രുവരി 13നും നേതൃത്വത്തെ വെല്ലുവിളിച്ച് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വൻറാലിയും പൊതുയോഗവും നടത്തി വിമതർ ശക്തി തെളിയിച്ചിരുന്നു. വിഷയത്തിൽ ഓദ്യോഗിക വിഭാഗത്തിന്റെ പരിപാടി പയ്യോളിയിൽ നടക്കവെയാണ് വിമതർ തിക്കോടിയിൽ അന്ന് റാലി നടത്തി ശക്തി തെളിയിച്ചിരുന്നത്.
ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ബി.ജെ.പി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയെ ജില്ല നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഫണ്ട് പിരിക്കാനുള്ള രസീതിന് മുകളിൽ സീരിയൽ നമ്പറില്ലാത്തത് കൊണ്ട് പിരിവ് നടത്തില്ലെന്ന നിലപാടാണ് ജില്ല നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയിലെ മുൻ നേതാക്കന്മാർ ചേർന്ന് പഞ്ചായത്ത് സമിതി രൂപവത്കരിച്ച് പ്രവർത്തനവുമായി മുന്നോട്ടു പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.