തിക്കോടി എഫ്.സി.ഐയിലെ ചരക്കുനീക്ക തർക്കത്തിന് പരിഹാരമായില്ല
text_fieldsപയ്യോളി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ തിക്കോടിയിലെ ഗോഡൗണിലെ ലോറി തൊഴിലാളികളും കരാറുകാരന്റെ ലോറികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ല. സ്ഥിരമായി ലോഡ് എടുക്കുന്ന ലോറി തൊഴിലാളികളും, വിതരണ കരാർ ഏറ്റെടുത്ത കരാറുകാരനും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതാണ് രണ്ടു ദിവസമായി ചരക്കുനീക്കം സ്തംഭിക്കാൻ കാരണം. മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ 11ന് കരാറുകാരന്റെ കീഴിലുള്ള ലോറികൾ മാത്രം ഗോഡൗണിന് അകത്തേക്ക് പ്രവേശിപ്പിക്കാൻ ഒരുങ്ങവെ സംയുക്ത കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണ്ടും തടയുകയായിരുന്നു.
ഇതോടെ പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും ലോറി തടഞ്ഞ തൊഴിലാളികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതോടെ കരാറുകാരന്റെ ലോറികളിൽ ലോഡ് കയറ്റാൻ ആരംഭിച്ചു.
കഴിഞ്ഞദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ ഇരുവിഭാഗങ്ങളും ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. വടകര, കൊയിലാണ്ടി താലൂക്കുകളിലെ റേഷൻ കടകളിലേക്ക് അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങളാണ് തിക്കോടി ദേശീയപാതയോരത്തുള്ള എഫ്.സി.ഐയിൽ നിന്നും പ്രധാനമായും കയറ്റിപ്പോവുന്നത്. അടുത്തകാലത്തായി മറ്റ് താലൂക്കുകളിൽനിന്ന് അനുമതി വാങ്ങിയെടുക്കുന്ന കരാറുകാർ അവരുടെ പരിചയത്തിലുള്ള ലോറികളുമായി നേരിട്ടെത്തി ലോഡ് എടുക്കുന്നതാണ് നിലവിലെ പ്രശ്നത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്ഥിരം ലോഡ് കയറ്റുന്നവരായ 65ലധികം ലോറികളെയും അതിനെ ആശ്രയിച്ച് കഴിയുന്ന 130ലധികം തൊഴിലാളികളെയും പട്ടിണിയിലാക്കി തൊഴിൽ നിഷേധിക്കുന്ന അധികൃതരുടെ നിലപാടിൽ കോഓഡിനേഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിന് കമ്മിറ്റി നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. അജിത്ത്, കൺവീനർ കെ. ശ്രീനിവാസൻ, ട്രഷറർ കെ.പി. മോഹൻബാബു, കെ.എം. രാമകൃഷ്ണൻ, കെ.ഇ. ശിവദാസൻ, എം.പി. അൻവർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.