ദേശീയപാത വികസനം: പയ്യോളിയിലെ പള്ളിക്ക് ഇത് അവസാന റമദാൻ
text_fieldsപയ്യോളി: നൂറ്റാണ്ടോളം ഒരു പ്രദേശത്തെ വിശ്വാസത്തിന്റെ ബിംബമായി നിലകൊണ്ട ആരാധനാലയം വിസ്മൃതിയിലേക്ക്. വികസനത്തിന് വഴിമാറുന്ന ടൗൺ ജുമാമസ്ജിദിന് ഇത് അവസാന റമദാൻ. പയ്യോളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൗൺ ജുമാമസ്ജിദ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുകയാണ്.
പള്ളിയുടെ ഇരുഭാഗത്തും റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങിയിട്ടുണ്ട്. റമദാന് ശേഷം പള്ളി വിട്ടുനൽകാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് 25 വർഷമായി പള്ളി കമ്മിറ്റി സെക്രട്ടറിയായി തുടരുന്ന കെ.പി.സി. ഷുക്കൂർ പറഞ്ഞു.
പള്ളിയുടെ പുതിയ കെട്ടിടം സമീപത്ത് മാറ്റി സ്ഥാപിക്കുമെങ്കിലും, നിരവധി തലമുറകൾ പ്രാർഥന നിർഭരമായ നിമിഷങ്ങൾ പിന്നിട്ട ചിരപുരാതനമായ പള്ളി ഇനി ഉണ്ടാകില്ല. 1930 കളിൽ ഒന്നര സെന്റ് സ്ഥലത്ത് സ്രാമ്പിയായിട്ടാണ് (ചെറിയ പള്ളി) ഇന്നത്തെ രണ്ടുനിലകളുള്ള ടൗൺ പള്ളിയുടെ തുടക്കം.
ഡീലക്സ് മമ്മു ഹാജി, പരേതരായ കെ.പി.സി. മൊയ്തു ഹാജി, മൂപ്പിച്ചതിൽ മൊയ്തു ഹാജി, അയനിക്കാട് അബൂബക്കർ മുസ്ലിയാർ എന്നിവരുടെയും, ചെട്യാം വീട്ടിൽ കുടുംബത്തിന്റെയുമടക്കം നിരവധി വിശ്വാസികളുടെ കൂട്ടായ ശ്രമങ്ങളാണ് പള്ളിക്കുപിന്നിൽ. യാത്രക്കാർക്കും കച്ചവടസ്ഥാപനങ്ങളിലുള്ളവർക്കും ഒരുപോലെ ഉപകാരപ്പെട്ടിരുന്നു ടൗൺ പള്ളി.
ദേശീയപാത അധികൃതർക്ക് ആവശ്യമായ രേഖകൾ കൃത്യസമയത്ത് സമർപ്പിക്കാൻ കഴിയാത്തത് കാരണം നഷ്ടപരിഹാരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും, കാട്ടിൽ മൊയ്തീൻ ഹാജി പ്രസിഡന്റായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിലെ പള്ളിയുടെ പിറകിൽ പുതിയ പള്ളിയുടെ കെട്ടിടം ഉയരുന്നുവെന്നതാണ് പ്രതീക്ഷ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.