മാല മോഷ്ടാക്കളെ ഓടിച്ചിട്ട് പൊക്കി; 'ചതിച്ചത്' ഹമ്പിൽ കയറിയപ്പോൾ വീണുപോയ മൊബൈൽ ഫോൺ
text_fieldsപയ്യോളി: വീട്ടമ്മയെ അടുക്കളയില്‍ കയറി ആക്രമിച്ച് സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടംഗ സംഘത്തെ സിനിമ സ്റ്റൈലിൽ നാട്ടുകാരും പൊലീസും ചേർന്ന് പൊക്കി. വടകര കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റ് വരക്കുതാഴെ വി.ടി. അഫീല്‍ (31), വടകര താഴെ അങ്ങാടി കരകെട്ടിന്റെവിട ഫായിസ് (18) എന്നിവരാണ് പയ്യോളി പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ എട്ടോടെ തിക്കോടി ആവിക്കലിന് സമീപം പൂവന്‍ചാലില്‍ സഫിയയെ ആണ് (70) വീടിന്റെ അടുക്കളഭാഗത്തുനിന്ന് മോഷ്ടാക്കൾ ആക്രമിച്ച് കഴുത്തിലണിഞ്ഞ അഞ്ചു പവന്റെ സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. ഫായിസ് ഒരു കൈകൊണ്ട് മുഖം അമര്‍ത്തി മറ്റേ കൈകൊണ്ട് മാല തട്ടിപ്പറിക്കാനാണ് ശ്രമിച്ചത്. കവർച്ച തടയാൻവേണ്ടി പ്രതിരോധിച്ച വീട്ടമ്മയുമായി പ്രതി മൽപിടുത്തം നടത്തിയതോടെ ശ്രമം വിഫലമായി. ശേഷം റോഡില്‍ അഫീൽ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ ബൈക്കില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
പ്രതിയുമായി മല്‍പിടുത്തം നടത്തുന്നതിനിടയില്‍ മാല പൊട്ടിയെങ്കിലും മാലയുടെ മുഴുവന്‍ ഭാഗങ്ങളും പിന്നീട് വീട്ടില്‍ നിന്നുതന്നെ ലഭിച്ചുവെന്ന് സഫിയ പറഞ്ഞു. ആക്രമിക്കുന്ന ബഹളംകേട്ട് സമീപത്തെ വീട്ടുകാരും റോഡിലുണ്ടായിരുന്ന ഇരുചക്രവാഹനത്തിലുള്ളവരും പ്രതികളെ പിന്തുടർന്നു. ഇതിനിടെ, തിക്കോടി പഞ്ചായത്തിന് സമീപത്തെ റെയിൽവേ ഗേറ്റ് അടച്ചത് കാരണം പ്രതികള്‍ ദേശീയപാതയില്‍ പ്രവേശിക്കാതെ സമീപത്തെ കോടിക്കല്‍ ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് പോയി. ഹമ്പിൽ കയറിയപ്പോൾ പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണു.
നാട്ടുകാർ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ ഒരു ബൈക്കും സമീപത്തുനിന്ന് ഒരു ഹെല്‍മറ്റും ലഭിക്കുകയുണ്ടായി. പ്രതികളിലൊരാളുടെ കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ മേല്‍വിലാസം വേറെ ആയിരുന്നെങ്കിലും ഫോണ്‍ ഗാലറിയില്‍ പ്രതികളുടെ ഫോട്ടോ ലഭിച്ചത് പൊലീസിന് ആളെ തിരിച്ചറിയുന്നത് എളുപ്പമാക്കി. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ച ബൈക്ക് പ്രതികളുടെ സുഹൃത്തിന്റേതായിരുന്നു.
പ്രതികളെ ഞായറാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി. പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രതികളെ കവർച്ചശ്രമം നടത്തിയ വീട്ടിലും ബൈക്ക് ഉപേക്ഷിച്ച തിക്കോടി കോടിക്കലിലെ റോഡിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.