ദേശീയപാത വികസനത്തിന്റെ മറവിൽ മണൽ കടത്ത് വ്യാപകം; നടപടിയെടുത്ത് അധികൃതർ
text_fieldsപയ്യോളി: ദേശീയപാത വികസനത്തിനന്റെ മറവിൽ പയ്യോളി മേഖലയിൽ അനധികൃതമായി മണൽകടത്തുന്നത് വ്യാപകമാവുന്നു. റോഡുവികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ തൊട്ടുസമീപങ്ങളിലായുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളിലാണ് മണലെടുപ്പ് കൂടുതൽ. നന്തിബസാർ മുതൽ മൂരാട് വരെ ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും വികസനപ്രവൃത്തി നടത്തുന്നത് പതിവായത് കൊണ്ട് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് മണൽമാഫിയ അരങ്ങുവാഴുന്നത്.
അതിനിടയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അർധരാത്രിക്ക് ശേഷം പയ്യോളി ദേശീയപാതയിൽ നിന്നും പേരാമ്പ്ര റോഡിലേക്ക് തിരിയുന്ന ജംഗ്ഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണൽ കടത്തുന്നത് നാട്ടുകാരുടെയും വ്യാപാരികളുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു . തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർ എ.വി. ചന്ദ്രൻ, അസി. വി.ഒ. കെ.ടി. വാസു എന്നിവർ സ്ഥലം സന്ദർശിച്ച് അയനിക്കാട് സ്വദേശിയായ ഭൂവുടമക്ക് സ്റ്റോപ്പ് മെമോ നൽകി. അതോടൊപ്പം ഭൂവുടമക്ക് പിഴ ചുമത്തിയ ശേഷം സ്ഥലം പൂർവസ്ഥിതിയിലാക്കാൻ ആവശ്യപ്പെടുമെന്നും വില്ലേജ് ഓഫിസർ പറഞ്ഞു.
പേരാമ്പ്ര റോഡിലെ നിരവധി വ്യാപാര കേന്ദ്രങ്ങളുടെ പുറകിലാണ് മണലെടുപ്പ് നടക്കുന്നത്. കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് സ്വകാര്യ വ്യക്തി ഇവിടെ മണലെടുപ്പ് നടത്തിയിട്ടുള്ളത്.
അനധികൃത മണലെടുപ്പ് കാരണം കാലവർഷം കണക്കിലെടുത്ത് മണ്ണൊലിപ്പും വെള്ളപ്പൊക്കവും രൂക്ഷമാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.