യുവതിക്ക് മർദനമേറ്റ സംഭവം: ഏഴു പ്രതികൾ റിമാൻഡിൽ
text_fieldsപയ്യോളി: ഇരിങ്ങല്‍ കൊളാവിപ്പാലത്ത് കോടതിവിലക്ക് ലംഘിച്ച് അർധരാത്രിയിൽ വീട്ടുപറമ്പിലൂടെ വഴിവെട്ടുന്നത് തടഞ്ഞ യുവതിയെ മർദിച്ച സംഭവത്തിൽ ഏഴു പ്രതികൾ റിമാൻഡിലായി.
കൊളാവിപ്പാലത്തെ കൊളാവി ലിഷക്കാണ് (44) നവംബർ 28ന് ക്രൂരമർദനമേറ്റത്. പ്രതികളായ കൊളാവി ഷിജു (43), ചെറിയാവി ഷൈബീഷ് (37), ചെറിയാവി സലീഷ് (41), ചെറിയാവി രജീഷ് (42), ചള്ളയില്‍ ലിജിന്‍ നാഥ് (30), കൊളാവിയില്‍ ബൈജു (40), പനയുള്ളതില്‍ ഷിജിത്ത് (41) എന്നിവരാണ് റിമാൻഡിലായത്.
മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയതോടെ ഒളിവിൽപോയ ഇവർ പയ്യോളി മുൻസിഫ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുപറമ്പിലൂടെ വഴി വെട്ടുന്നത് തടയാൻ ശ്രമിച്ച ലിഷയെ ഒരു സംഘമാളുകൾ ആക്രമിക്കുകയും തലക്ക് ആഴത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. സംഭവസമയത്ത് ലിഷയും മാതാവ് ബേബി കമലവും മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
മൂന്നുവർഷമായി തുടരുന്ന പ്രശ്നത്തിൽ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇരുവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് പയ്യോളി മുന്‍സിഫ് കോടതിയുടെ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ ഇവരുടെ അതിര്‍ത്തിയില്‍ കമ്പിവേലി നിർമിക്കാന്‍ കോടതി അനുമതി നൽകി.
മറ്റാരും പറമ്പില്‍ പ്രവേശിക്കരുതെന്ന ഇന്ജങ്ഷന് ഓര്‍ഡര്‍ നിലനിന്നിട്ടും സ്ഥിരമായി അത് ലംഘിക്കപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് വേലി നിർമിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്നു പൊലീസ് സംരക്ഷണത്തില്‍ കമ്പിവേലി നിർമാണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കുകയായിരുന്നു.റിമാൻഡിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. പയ്യോളി ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബുവാണ് കേസേന്വഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.