ജനാധിപത്യം നിലനിൽക്കുന്നതിന് കർഷക സമരം തെളിവ് –എൻ.എസ്. മാധവൻ
text_fieldsകോഴിക്കോട്: ജനാധിപത്യസുവർണകാലത്തിെൻറ അവസാനമായ ഈ ഘട്ടത്തിലും അതിെൻറ ആനുകൂല്യങ്ങൾ കിട്ടുന്നുവെന്നതിന് തെളിവാണ് കർഷകർ സമരം ചെയ്തപ്പോൾ തെരഞ്ഞെടുപ്പിനെ പേടിച്ച് സർക്കാർ നിയമം പിൻവലിച്ചതെന്ന് എൻ.എസ്. മാധവൻ. സജിത് കുമാറിെൻറ ഏകാംഗ കാർട്ടൂൺ പ്രദർശനം ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണാധികാരികളുടെ ഊതി വീർപ്പിച്ച പ്രതിച്ഛായകളെ പൊട്ടിക്കുന്ന മൊട്ടുസൂചികളുടെ ധർമമാണ് കാർട്ടൂണുകൾക്ക്. ട്രംപ് ഭരിക്കുമ്പോൾ അമേരിക്കയിൽ കാർട്ടൂണിസ്റ്റുകളുടെ വസന്ത കാലമായിരുന്നു. ഇന്ത്യയിലെ 56 ഇഞ്ച് തൊലിക്കട്ടിയുള്ള വ്യക്തിവിശേഷങ്ങളെ സജിത് കുമാർ കാണിക്കുന്നു. ഈ വിധം ജനാധിപത്യപരമായ വിധ്വംസക പ്രവർത്തനമാണ് കാർട്ടൂൺ.
ജനാധിപത്യത്തിെൻറ കലയായതിനാൽ അതിെൻറ അഭാവത്തിൽ കാർട്ടൂണിെൻറ നിൽപ്പ് മോശമാവും. നാസി ജർമനിയിൽ ഹിറ്റ്ലർ വളരുമ്പോൾ ഇന്നത്തെക്കാലത്ത് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന അതേ കൗശലത്തോടെ കാർട്ടൂൺ ഉപയോഗിച്ചു. ഇന്ന് ഇസ്ലാമോഫോബിയയെപ്പോലെ അന്ന് ജൂതവിരോധം കാർട്ടൂണിൽ ഉപയോഗിച്ചിരുന്നു.
ഹിറ്റ്ലറുടെ തകർച്ചയുടെ കാലത്താണ് പിന്നീട് കാർട്ടൂണുകളുടെ പുഷ്ക്കലകാലം. ഇതിന് രണ്ടിനുമിടയിൽ കാർട്ടൂണുകൾ നില നിന്നില്ല.
അടിയന്തരാവസ്ഥ കടുത്തപ്പോൾ കാർട്ടൂണിസ്റ്റുകൾക്ക് മൗനം അവലംബിക്കേണ്ടി വന്നുവെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ഇ.പി. ഉണ്ണി, വെങ്കി, മനോജ് കെ. ദാസ്, നളിനി ശങ്കരൻ എന്നിവർ സംസാരിച്ചു. എം.ആർ. വിഷ്ണു പ്രസാദ് കവിത അവതരിപ്പിച്ചു. ഡിസംബർ 11 വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.