മാവൂർ റോഡിൽ അപകടമായി കാൽനടയാത്ര
text_fieldsകോഴിക്കോട്: മാവൂർ റോഡിൽ ഫുട്പാത്തിൽ കാൽനടയാത്രക്കാരെ കുരുക്കാൻ നിറയെ തടസ്സങ്ങൾ. കേബിളുകൾ ഫുട്പാത്തിൽ പലേടത്തും അലങ്കോലമായിക്കിടക്കുന്നു.
ശ്രദ്ധ തെറ്റിയാൽ തലയും കൈകാലുകളുമെല്ലാം കുടുങ്ങുമെന്ന അവസ്ഥയാണ്. മൊഫ്യൂസിൽ സ്റ്റാൻഡിനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുമിടയിൽ ഫുട്പാത്തിൽ ഓടയുടെ അടപ്പ് തകർന്നത് ഇതുവരെ നന്നാക്കാത്തത് അപകടക്കെണിയായി തുടരുന്നു.
കടക്കാരും മറ്റും ചേർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പായി തുറന്ന ഓടയിൽ കമ്പ് നാട്ടിയിരിക്കയാണിപ്പോൾ.
റോഡിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കൊണ്ടിട്ട് ബാക്കിയായ പൈപ്പ് ഫുട്പാത്തിൽനിന്ന് എടുത്തുമാറ്റാത്തതും തടസ്സമാണ്. മാവൂർ റോഡ് മൊഫ്യൂസിൽ സ്റ്റാൻഡ് ജങ്ഷനിൽ ശ്മശാനം ഭാഗത്തേക്ക് പോകുന്ന ഫുട്പാത്തിൽ പോസ്റ്റിൽനിന്ന് നിറയെ കേബിളുകൾ വഴിയിൽ വീണുകിടപ്പാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്തും മൊഫ്യൂസിൽ സ്റ്റാൻഡിന് സമീപവുമെല്ലാം കേബിൾ കുരുക്കുകളുണ്ട്. ജീവന് ഭീഷണിയാവുന്നതോടൊപ്പം നഗരമുഖം വികൃതമാക്കും വിധമാണ് ഇവയുടെ കിടപ്പ്. മാവൂർ റോഡിലെ വലിപ്പമുള്ള ഫുട്പാത്തിൽ വാഹനങ്ങൾ കയറ്റിയിടുന്നതും കാൽനടക്കാരെ വലക്കുന്നു. മതിയായ പാർക്കിങ് സൗകര്യമില്ലാത്ത റോഡിൽ തിരക്കുള്ളപ്പോഴെല്ലാം വാഹനങ്ങൾ നടപ്പാതയിൽ നിർത്തിയിടുന്നു.
ഇരുചക്രവാഹനങ്ങൾ സ്ഥിരമായി ഫുട്പാത്ത് വഴി കയറ്റിയിറക്കുന്നത് നടക്കുന്നവരുടെ ജീവനുതന്നെ ഭീഷണിയാവുന്നു. നേരത്തേ വാഹനങ്ങൾ കയറാതിരിക്കാൻ മുട്ടറ്റം ഉയരമുള്ള കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ചിരുന്നെങ്കിലും മനുഷ്യാവകാശ കമീഷൻ ഭിന്നശേഷിക്കാർക്ക് ചക്രകസേരകളും മറ്റും കൊണ്ടുപോവാൻ സൗകര്യമൊരുക്കണമെന്ന് നിർദേശിച്ചതോടെ ചില കാലുകൾ മറ്റേണ്ടിവന്നു.
ഇടയിലെ കോൺക്രീറ്റ് കാലുകളിലോരോന്ന് എടുത്ത് മാറ്റിയതോടെയാണ് ഇരുചക്ര വാഹനങ്ങൾക്ക് സുഗമമായി ഫുട്പാത്ത് കൈയേറാമെന്ന അവസ്ഥ വന്നത്.
വാഹനങ്ങൾ ഫുട്പാത്തിൽ കയറുന്നത് തടയാൻ കാമറയും മതിയായ കാവലുമുണ്ടായാൽ പ്രശ്ന പരിഹാരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.