ഇരുചക്ര വാഹനങ്ങൾക്ക് പിഴ ചുമത്തൽ; മോട്ടോർ വാഹന വകുപ്പിനെതിരെ വീണ്ടും ജനരോഷം
text_fieldsകുറ്റ്യാടി: ടൗണിൽ മരുതോങ്കര റോഡിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വീണ്ടും ജനരോഷം. സാധനങ്ങൾ വാങ്ങാൻ കടകൾക്കു മുന്നിൽ നിർത്തിയിട്ട ബൈക്കുകളുടെ ഫോട്ടോ എടുത്ത് പിഴ ചുമത്തിയ നടപടിക്കെതിരെ വ്യാപാരികളും നാട്ടുകാരും സംഘടിച്ച് പ്രതിേഷധിച്ചു.
ടൗണിലെ ഏറ്റവും വീതി കൂടിയതും തിരക്കു കുറഞ്ഞതുമായി റോഡായിട്ടും പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളടക്കമുള്ളവ വിഡിയോയിൽ പകർത്തി പിഴയിടുന്നതായി ആരോപിച്ച് രണ്ടാഴ്ച മുമ്പ് ആളുകൾ വാഹനം വളഞ്ഞിട്ടിരുന്നു. അതിനുശേഷം ഇന്നലെ വീണ്ടും എത്തിയപ്പോഴാണ് വ്യാപാരി സംഘടന നേതാക്കളടക്കം ഇടപെട്ടത്.
മോട്ടോർ വാഹന വകുപ്പിന്റെ പിഴ ചുമത്തൽ കാരണം ആളുകൾ ടൗണിലെ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ മടിക്കുകയാണെന്നും പലരും ഓൺലൈനായാണ് വാങ്ങുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ഒ.വി. ലത്തീഫ്, സി.എച്ച്. ഷരീഫ്, വി.ജി. ഗഫൂർ, ഉബൈദ് കക്കടവിൽ, വി.വി. ഫാരിസ്, ശ്രീജേഷ് ഉൗരത്ത് എന്നിവർ നേതൃത്വം നൽകി.
എന്നാൽ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തും പൊലീസും വ്യാപാരികളും സർവകക്ഷികളും ഉൾപ്പെട്ട ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ശിപാർശപ്രകാരമാണ് അനധികൃത പാർക്കിങ് നിരോധിച്ച സ്ഥലത്ത് നിർത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിക്കാൻ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെടുമെന്ന് ടൗൺ വാർഡ് മെംബർ എ.സി. അബ്ദുൽ മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.