ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ ജനം വലഞ്ഞു
text_fieldsകോഴിക്കോട്/ വടകര: വിദ്യാർഥിനികളുടെ പരാതിയിൽ ബസ് കണ്ടക്ടർമാർക്കെതിരെ രണ്ടിടങ്ങളിലായി പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനം. കോഴിക്കോട്-കണ്ണൂര്‍-തൃശ്ശൂർ, കോഴിക്കോട്-തൊട്ടിൽപ്പാലം റൂട്ടുകളിലാണ് തിങ്കളാഴ്ച രാവിലെ മുതൽ സ്വകാര്യ ബസുകൾ മുന്നറിയിപ്പില്ലാതെ പണിമുടക്കിയത്. രാവിലെയാണ് പണിമുടക്ക് വിവരം ജനം അറിഞ്ഞത്. ഇതോടെ രാവിലെ ജോലിക്കിറങ്ങിയവരും വിദ്യാർഥികളുമടക്കമുള്ള യാത്രക്കാർ വാഹനം ലഭിക്കാതെ ദുരിതത്തിലായി.
കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് സർവിസ് ഇതോടെ പൂർണമായി നിലച്ചു. മലയോര മേഖലയായ വടകര-തൊട്ടിൽപാലം, പേരാമ്പ്ര റൂട്ടുകളിൽ യാത്രക്ലേശം രൂക്ഷമായിരുന്നു. കണ്ണൂർ ആർ.ടി.ഒയുമായി ചർച്ചയെ തുടന്ന് ഉച്ചക്ക് രണ്ടോടെയാണ് സമരം അവസാനിപ്പിച്ചത്.
വടകര-തലശേരി റൂട്ടിൽ സർവിസ് നടത്താനുള്ള ചില ബസുകളുടെ ശ്രമം തൊഴിലാളികൾ തടഞ്ഞത് വടകര പുതിയ സ്റ്റാൻഡിൽ വാക്കേറ്റത്തിനിടയാക്കി. വടകരയിൽനിന്ന് മറ്റ് റൂട്ടുകളിലും തിങ്കളാഴ്ച രാവിലെ ചില ബസുകൾ സർവിസ് നടത്തിയെങ്കിലും തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി. ബസ് തടഞ്ഞത് സംബന്ധിച്ച് വടകര പൊലീസിൽ പരാതി നൽകി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ഭാഗങ്ങളിലെ യാത്രക്കാരെ പെരുവഴിലാക്കി മിന്നൽ പണിമുടക്ക് നടത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലെത്തിയ യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്താൻ പാടുപെടുകയായിരുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ഉച്ചക്ക് ശേഷം കണ്ണൂരിലേക്ക് അധിക സർവിസ് നടത്തിയത് യാത്രക്കാർക്ക് അൽപം ആശ്വാസമായി.
അംഗീകൃത തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാതെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ബസ് ജീവനക്കാർ സമരം നടത്തിയത്. കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസ് കണ്ടക്ടർക്കെതിരേ ചൊക്ലി പൊലീസും തൃശ്ശൂര്‍-കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരനെതിരേ തേഞ്ഞിപ്പലം സ്റ്റേഷനിലുമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ടാക്സി ജീപ്പുകളുമാണ് യാത്രക്കാർക്ക് ആശ്രയമായത്. മലയോര മേഖലയിൽ ടാക്സി ജീപ്പുകളാണ് പ്രധാന ആശ്രയം. വൻ സാമ്പത്തീക ബാധ്യതയാണ് യാത്രക്കാർക്ക് ഉണ്ടായത്.
മിന്നൽ പണിമുടക്കിൽ പങ്കില്ലെന്ന് ട്രേഡ് യൂനിയനുകൾ
കോഴിക്കോട്: കണ്ണൂർ-കോഴിക്കോട്-തൃശൂർ റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കുമായി ബന്ധമില്ലെന്ന് ട്രേഡ് യൂനിയനുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം സമരത്തിലൂടെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താതെ ബസ് ജീവനക്കാരുടെ പേരിൽ കേസെടുത്ത് ജയിലിലടക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. യോഗത്തിൽ പി. നാസർ (എ.ഐ.ടി.യു.സി) അധ്യക്ഷത വഹിച്ചു. പി.പി. കുഞ്ഞിക്കണ്ണൻ, സി. മുരളി (സി.ഐ.ടി.യു), കെ. ഷാജി (ഐ.എൻ.ടി.യു.സി), രവി എരഞ്ഞിയിൽ (ബി.എം.എസ്), ബിജു ആന്റണി (ജെ.എൽ.യു) എന്നിവർ സംസാരിച്ചു.
ശാസ്ത്രമേളക്കെത്തുന്ന വിദ്യാർഥികൾ ദുരിതത്തിലാവും
കോഴിക്കോട്: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ബസുകൾ പണിമുടക്കുന്നത് ജില്ലതല ശാസ്ത്രമേളക്ക് എത്തുന്ന വിദ്യാർഥികളെ ദുരിതത്തിലാക്കും. കൊയിലാണ്ടിയിലാണ് ഇത്തവണ ജില്ലതല ശാസ്ത്രമേള ചൊവ്വാഴ്ച മുതൽ നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മേളക്ക് എത്താൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് രക്ഷിതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ജില്ലയിൽ കണ്ണൂർ റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയതും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.