തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനം
text_fieldsകുന്ദമംഗലം: ടൗണിലെ തെരുവുനായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാൽനടക്കാരെ കടിച്ചും ഇരുചക്രവാഹന യാത്രികരെ അപകടത്തിലാക്കിയും നായ്ക്കൾ വാഴുകയാണ്. പഞ്ചായത്തിൽ പല ഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. വിവിധ ഭാഗങ്ങളിൽ കൂട്ടമായി അലയുന്ന തെരുവു നായ്ക്കളെ കാണാം. കുന്ദമംഗലം, മർകസ് പരിസരം, കാരന്തൂർ, പെരിങ്ങൊളം, പന്തീർപ്പാടം, ആനപ്പാറ, ചാത്തൻകാവ് തുടങ്ങി പലയിടത്തും ഇവയുടെ ശല്യം രൂക്ഷമാണ്. രാവിലെ നടക്കാനിറങ്ങുന്നവരും സൊസൈറ്റികളിൽ പാൽ കൊണ്ടുപോകുന്നവരും ഭീതിയിലാണ്.
ഇരുചക്രവാഹനയാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം നായ് ചാടിയതിനാൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇവയിൽനിന്നു രക്ഷപ്പെടാൻ അതിവേഗം വാഹനങ്ങൾ ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. കുടുംബത്തോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വയനാട് റോഡ് ജങ്ഷനിൽ നായ് വാഹനത്തിനു മുന്നിലേക്ക് ചാടുകയും ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഹെൽമറ്റ് ഉള്ളതുകൊണ്ടാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആളില്ലാത്ത പൊന്തക്കാടുകളുമൊക്കെയാണ് ഇവയുടെ വിശ്രമകേന്ദ്രം. ടൗണുകളിലാകട്ടെ കടവരാന്തകളിലാണ് ഇവ തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം കാരന്തൂരിൽ വീടിനു മുന്നിൽ സ്ത്രീക്ക് നായുടെ കടിയേറ്റു. അതുപോലെ വീടിന് തൊട്ടടുത്ത കടയിൽ പലചരക്കുസാധനങ്ങൾ വാങ്ങാൻ വന്ന ബാലികയുടെ നേരെ നായ്ക്കൾ പാഞ്ഞടുത്തു. തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുന്ദമംഗലം ബസ് സ്റ്റാൻഡിൽ നായ്ക്കൾ യാത്രക്കാരെയും വിദ്യാർഥികളെയും ഓടിച്ചിട്ട് കടിക്കാൻ ശ്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുക്കം റോഡിൽ ഒരു വീട്ടിൽനിന്ന് തെരുവുനായ്ക്കൾ കോഴിയെ കടിച്ചുകൊണ്ടുപോയി. വീട്ടിൽനിന്ന് കുട്ടികളെ പുറത്തിറക്കാൻ പേടിക്കുകയാണ് മാതാപിതാക്കൾ. പ്രത്യേകിച്ച് ഓണാവധിക്കുശേഷം ഇന്നു മുതൽ സ്കൂളുകൾ തുറക്കുകകൂടി ചെയ്യുമ്പോൾ. ടൗണിലും മറ്റും അലഞ്ഞുതിരിയുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ എത്രയും വേഗത്തിൽ പിടികൂടി ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.