കല്ലാച്ചി പൈപ്പ്ലൈൻ റോഡിന് സമീപം മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടിയിലാകും
text_fieldsനാദാപുരം: പൊതുസ്ഥലത്ത് നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തു. ഇവിടെ അജ്ഞാതർ രാത്രിയിൽ വീട്ടുമാലിന്യങ്ങളും കടകളിലെ മാലിന്യങ്ങളും തള്ളുന്നത് പതിവാണ്. ഇത് വൻ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് ആരോഗ്യ വകുപ്പും പഞ്ചായത്തും രംഗത്തിറങ്ങിയത്. ഇന്നലെ സ്ഥലത്തുനിന്നും മുഴുവൻ മാലിന്യങ്ങളും നീക്കംചെയ്തു. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ ഈടാക്കുന്നതോടൊപ്പം പൊലീസ് കേസടക്കമുള്ള നിയമനടപടിയും സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു.
നിലവിൽ പഞ്ചായത്ത് രണ്ട് മിനി എം.സി.എഫുകളെ ഉപയോഗപ്പെടുത്തി ഹരിത കർമസേനയുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗവ. അംഗീകൃത ഏജൻസിക്ക് കൈമാറുന്നുണ്ട്. എന്നാൽ, പരിപാടിയുമായി സഹകരിക്കാതെ ചില വീട്ടുകാരും കടക്കാരും റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാക്കിയിരിക്കുകയാണ്. തുടർന്ന് കല്ലാച്ചി പൈപ്പ്ലൈൻ റോഡ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. പ്രശ്നം വ്യാപാരികളിലും മറ്റും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ഇവിടെ സമീപത്തുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, മെംബർ മസ്ബൂബ അസീദ്, നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, വാർഡ് വികസനസമിതി പ്രവർത്തകരായ ജാഫർ തുണ്ടിയിൽ, സി.വി. ഇബ്രാഹിം, ടി. യൂസുഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.