10 ഏക്കറിൽ 2 ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഡി അഡിക്ഷൻ സെന്ററുമായി പീപ്ൾസ് ഫൗണ്ടേഷൻ
text_fieldsകോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്ൾസ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ഡി അഡിക്ഷൻ-മെന്‍റൽ ഹെൽത്ത്-ഫാമിലി സെന്റർ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'ജാസ്‌മിൻ വാലി' എന്ന പേരിലുള്ള പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ഒക്ടോബറിൽ ആരംഭിക്കും. സംസ്ഥാനം വൻ ലഹരി മാഫിയ ഭീഷണി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് രണ്ടു ലക്ഷം സ്‌ക്വയർ ഫീറ്റിൽ പത്ത് ഏക്കർ ഭൂമിയിൽ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഒരേസമയം 100 രോഗികളെ കിടത്തി ചികിത്സ നൽകാൻ കഴിയുന്നതും 300 പേരുടെ തുടർ ചികിത്സ നടത്താൻ സാധിക്കുന്നതുമായിരിക്കും ജാസ്‌മിൻ വാലി പദ്ധതി. വിശാലമായ ഫാമിലി കൗൺസലിങ് സെന്‍ററും പദ്ധതിയിൽ ഉൾപ്പെടും. വർഷത്തിൽ 3000 കുടുംബങ്ങൾക്ക് ആശ്വാസമേകാൻ പദ്ധതിയിലൂടെ സാധിക്കും. സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി എന്നിവയിൽ 150 വിദ്യാർഥികൾക്കുള്ള ട്രെയിനിങ് സെന്‍ററും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. കോ-എർത്ത് ഇനിഷ്യേറ്റിവാണ് ജാസ്‌മിൻ വാലി മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
ഡി അഡിക്ഷൻ ആശുപത്രി, സൈക്ക്യാട്രി ആശുപത്രി, പുനരധിവാസ കേന്ദ്രം, ജെറിയാട്രിക് കെയർ ആൻഡ് ഡിമെൻഷ്യ ക്ലിനിക്, കുട്ടികളുടെ മെന്റൽ ഹെൽത്ത് ക്ലിനിക്, ഭിന്നശേഷിക്കാർക്കുള്ള വൊക്കേഷനൽ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ, തേർഡ് ജെൻഡർ മെന്റൽ ഹെൽത്ത്, വൊക്കേഷനൽ ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ എന്നിവ ജാസ്‌മിൻ വാലിയിൽ ഉണ്ടാവും.
ഫാമിലി കൗൺസലിങ്/തെറപ്പി, ഒക്യുപ്പേഷനൽ തെറപ്പി, ഫിസിക്കൽ ആക്ടിവിറ്റി, ഐസൊലേഷൻ റൂം, ജനറൽ മെഡിസിൻ കൺസൾട്ടേഷൻ, നഴ്സിങ് സ്റ്റേഷനുകൾ, ബേസിക് ഹെൽത്ത് ചെക്കപ്പ് എന്നിവക്ക് പ്രത്യേകം സൗകര്യങ്ങളുമുണ്ടാകും.
വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദ് അലി, സെക്രട്ടറി എം. അബ്ദുൽ മജീദ്, പ്രോജക്ട് ഡയറക്ടര്‍ നാസറുദ്ദീൻ ആലുങ്കൽ, എത്തിക്കൽ മെഡിക്കൽ ഫോറം വൈസ് പ്രസിഡന്റ് ഡോ. ഷൈജു ഹമീദ്, പീപ്ൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം ടി.കെ. ഹുസൈൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.