പേരാമ്പ്രയിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും സ്ഥാനാർഥിയായി; യു.ഡി.എഫിൽ അവ്യക്തത
text_fieldsപേരാമ്പ്ര: മണ്ഡലത്തിൽ ഇടതുമുന്നണിയുടേയും ബി.ജെ.പിയുടേയും സ്ഥാനാർഥികളായെങ്കിലും യു.ഡി.എഫിൽ അവ്യക്തത തുടരുന്നു. വീണ്ടും അങ്കത്തിനിറങ്ങുന്ന ഇടതുമുന്നണി സ്ഥാനാർഥി മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രചാരണരംഗത്ത് ഏറെ മുന്നേറി. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയിലെ കെ.വി. സുധീർ കുമാറിനെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. എന്നാൽ, യു.ഡി.എഫിൽ മുസ്ലിം ലീഗിന് ലഭിച്ച സീറ്റിൽ സ്ഥാനാർഥിനിർണയം വൈകുന്നത് അണികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഈ സീറ്റിലേക്ക് പ്രവാസി വ്യവസായിയുടെ പേര് ഉയർന്നുവന്നപ്പോൾ ഇയാളെ അംഗീകരിക്കാൻ കഴിയില്ലെന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പാണക്കാട്ടെത്തി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.
സ്ഥാനാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നാലുപേർ നേതൃത്വത്തിന് കൈമാറി.ഈ പട്ടികയിൽ ടി.ടി. ഈസ്മായിൽ ആണ് ഒന്നാമതുള്ളത്. മുപ്പതോളം മുസ്ലിം ലീഗ് നേതാക്കളാണ് ഞായറാഴ്ച പാണക്കാട്ടെത്തി പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ എന്നിവരെ കണ്ടത്.
എന്നാൽ, വലിയ ഉറപ്പൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല. അവസാന നിമിഷം പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹിം കുട്ടി തന്നെ പൊതുസ്വതന്ത്രനായി പേരാമ്പ്രയിൽ എത്താനുള്ള സാധ്യതയാണ് കൂടുതല്ലെന്ന് ചില ലീഗ് നേതാക്കൾ അടക്കം പറയുന്നുണ്ട്.
സീറ്റ് ലീഗിന് കൊടുത്തതിനെതിരെ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധത്തിലാണ്. കൂടാതെ പേരാമ്പ്രയിലെ വിമത കോൺഗ്രസ് കൂട്ടായ്മ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.