കോളജ് ഹോസ്റ്റലിലെ മകന്റെ മരണത്തിന്റെ കാരണമറിയാതെ ഇവിടെയുമുണ്ട്, നീറുന്ന അച്ഛനും അമ്മയും
text_fieldsപേരാമ്പ്ര: രണ്ട് വർഷം കഴിഞ്ഞിട്ടും മകൻ്റെ മരണത്തിൻ്റെ കാരണമറിയാതെ നീറുന്ന അച്ഛനും അമ്മയും ഇവിടെയുമുണ്ട്. കോട്ടൂർ ഗ്രാമ പഞ്ചായത്ത് നരയംകുളം തച്ചറോത്ത് ശശി-സീമ ദമ്പതികളുടെ മകൻ അശ്വന്ത് (20) കണ്ണൂർ തോട്ടട ഗവ പോളിടെക്നിക്കിലെ ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
മൂന്നാം വർഷ വിദ്വാർഥിയായിരുന്ന അശ്വന്തിൻ്റെ മൃതദേഹം കോളജ് ഹോസ്റ്റലിൽ 2021ഡിസംബർ 1ന് രാവിലെ കെട്ടിതൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥിന്റെ മരണത്തോട് ഇതിനും സാമ്യമുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദ്ദേഹം കാണപ്പെട്ടത്. മാത്രവുമല്ല വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്നവും അശ്വന്തിനുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മരണ വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടിതുങ്ങിയതായി പറയുന്നത്. ഫാനിന്റെ ലീഫിൽ കെട്ടാൻ കയറി നിന്നു എന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്നതാണ്. ഇതിനു മുകളിൽ കയറി നിൽക്കാൻ കഴിയില്ല അഴിച്ചുകിടത്തിയവർ ആശുപ്രതിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹ ഉയർത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
മരിക്കുന്ന ദിവസം പുലർച്ചെ 1.56വരെ അവൻ വാട്സ്ആപ്പിൽ ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു. യുവാവിന്റെ ഫോൺ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 30ന് രാത്രി ഹോസ്റ്റലിലും കോളജിലും അലങ്കരിച്ചിരുന്നു. ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്ക് അന്നേദിവസം രാത്രി തലക്ക് മുറിവേറ്റതായി അറിയാൻ കഴിഞ്ഞിരുന്നു.
ബന്ധുക്കൾ വരുന്നതിന് മുമ്പ് തന്നെ തിരക്ക് പിടിച്ച് പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോളജിലെ കുട്ടികളുമായി ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോൾ അവർ പരസ്പര വിരുദ്ധമായിട്ടാണ് സംഭവം വിശദീകരിച്ചത്. ഹോസ്റ്റലിൽ ചാർജുള്ള അധ്യാപകൻ രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നില്ല . അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അതീവ ഗുരുതരമായ അനാസ്ഥയും അലംഭാവവുമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് ബന്ധുക്കൾ ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആരോപിക്കുന്നു. മരണം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും അശ്വന്ത് ഉപയോഗിച്ച ഫോൺ പരിശോധിച്ച് വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. യുവാവിന്റെ വാട്സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാൻ കഴിയുമെന്നറിഞ്ഞിട്ടും പൊലീസ് ഇതിനു വേണ്ട യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് അശ്വന്തിൻ്റേത്. വീട് പണി പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അച്ഛനും അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന കുടുംബം അശ്വന്തിലായിരുന്നു പ്രതീക്ഷയർപ്പിച്ചത്. അപ്രതീക്ഷിതമായുണ്ടായ യുവാവിന്റെ വിയോഗം ഇവരെ മാനസികമായി തളർത്തിയിരിക്കുകയാണ്. കാര്യക്ഷമമായ അന്വേഷണം നടത്തിയാൽ അശ്വന്തിൻ്റെ മരണകാരണം കണ്ടെത്താൻ കഴിയുമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.