വെള്ളിയൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്
text_fieldsപേരാമ്പ്ര: സി.പി.എം-യു.ഡി.എഫ് സംഘര്‍ഷം നിലനില്‍ക്കുന്ന നൊച്ചാട് ഗ്രാമപഞ്ചായത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീടിനുനേരെ ചൊവ്വാഴ്ച പുലർച്ചെ ബോംബാക്രമണമുണ്ടായി. നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ബോംബേറില്‍ വീടിന്റെ മുന്‍ഭാഗത്തെ വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു.
പുലര്‍ച്ചെ 1.30 നും 1.45നും ഇടയില്‍ രണ്ടു പെട്രോള്‍ ബോംബുകളാണ് എറിഞ്ഞത്. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ടി.പി. രാമകൃഷ്ണന് എം.എല്‍.എ, ജില്ല സെക്രട്ടറി എം. മോഹനൻ, ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് എന്നിവർ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി വെള്ളിയൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.കെ. ഹനീഫ, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് എം.കെ. നളിനി, അഡ്വ.കെ.കെ. രാജൻ, പി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ വെള്ളിയൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരെയും പെട്രോൾ ബോംബാക്രമണം നടന്നിരുന്നു.
രയരോത്ത് മുക്കിലെ കോൺഗ്രസ് പ്രവർത്തകർ എം.സി. അഹ്മദിന്റെ പലചരക്കുകട തീയിട്ടു നശിപ്പിക്കാനുള്ള ശ്രമവും നടന്നു. കൂടാതെ, മാവട്ടെയിൽ താഴെ കോൺഗ്രസ്, ലീഗ് ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ വാല്യക്കോടും മുളിയങ്ങലിലും സി.പി.എം ഓഫിസുകൾക്ക് നേരെയാണ് അക്രമണം നടന്നത്. സംഘർഷത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ 10 പേർക്ക് പരിക്കുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.