ചെറുവണ്ണൂർ ഉപതെരഞ്ഞെടുപ്പ്: ഇരു മുന്നണികളും പത്രിക നൽകി
text_fieldsപേരാമ്പ്ര: ഈ മാസം 28ന് നടക്കുന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ പത്രിക നൽകി. എൽ.ഡി.എഫ് സ്ഥാനാർഥി കെ.സി. ആസ്യയും യു.ഡി.എഫ് സ്ഥാനാർഥി പി. മുംതാസുമാണ് നേതാക്കളുടേയും പ്രവർത്തകരുടേയും അകമ്പടിയോടെ വരണാധികാരി മേലടി എ.ഇ.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് എ.ജി. ഷാജു മുമ്പാകെ പത്രിക സമർപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് പത്രിക നൽകാനുള്ള സമയം അവസാനിക്കും. 10ന് സൂക്ഷ്മപരിശോധന നടക്കും. 13നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
ഇരു മുന്നണികളും ശക്തിപ്രകടനവുമായാണ് പത്രിക സമർപ്പണത്തിനെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത്, എം.കെ. സുരേന്ദ്രൻ, പി.കെ. മൊയ്തീൻ, വി.ബി. രാജേഷ്, അബ്ദുൽ കരീം കോച്ചേരി, ഒ. മമ്മു, എ.കെ. ഉമ്മർ, ആർ.പി. ഷോഭിഷ്, എം.വി. മുനീർ, ശ്രീഷ ഗണേഷ്, ഇ.കെ. സുബൈദ തുടങ്ങിയവർ ഉണ്ടായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥിയെ സി.പി.എം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ്, ആർ. ശശി, സി.പി. ഗോപാലൻ, പി.കെ.എം. ബാലകൃഷ്ണൻ, എം.എം. മൗലവി, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു തുടങ്ങിയവർ അനുഗമിച്ചു. പ്രകടനത്തിന് വി.കെ. നാരായണൻ, അജയ് ആവള, ടി. മനോജ്, കൊയിലോത്ത് ഗംഗാധരൻ, സി. സുജിത്ത്, പി.കെ. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വീടുകൾ കയറിയുള്ള പ്രവർത്തനങ്ങൾക്കും കുടുംബയോഗങ്ങൾക്കുമാണ് ഇരു മുന്നണികളും മുൻഗണന നൽകുന്നത്. വാർഡ് നിലനിർത്തി നറുക്കെടുപ്പിലൂടെ നഷ്ടമായ പ്രസിഡന്റ് പദം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും വാർഡ് പിടിച്ചെടുത്ത് നറുക്കെടുപ്പിലൂടെ ലഭിച്ച പ്രസിഡന്റ് പദം നിലനിർത്താൻ യു.ഡി.എഫും കച്ചകെട്ടുമ്പോൾ വേനൽചൂടിനൊപ്പം 15ാം വാർഡിലെ രാഷ്ട്രീയ ചൂടും ഉയരുകയാണ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായതുകൊണ്ട് ആർക്കും ജയിച്ചു കയറാവുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.