ചെറുവണ്ണൂർ ഉപതെരഞ്ഞെടുപ്പ്; നാല് അപരകൾ രംഗത്ത്
text_fieldsപേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നാല് അപരകൾ. എൽ.ഡി.എഫ് സ്ഥാനാർഥി കെ.സി. ആസ്യക്ക് അപരരായി പന്തപിലാക്കൂൽ ആസ്യയും കുന്നത്ത് ആസ്യയുമാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പി. മുംതാസിന്റെ അപരകളായി രംഗത്തുള്ളത് കൊമ്മിണിയോട്ടുമ്മൽ മുംതാസും മഞ്ചേരി തറവട്ടത്ത് മുംതാസുമാണ്.
ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന വാർഡായതുകൊണ്ട് അപരകൾ പിടിക്കുന്ന വോട്ടുകൾ വിജയം തട്ടിത്തെറുപ്പിച്ചേക്കാം. കഴിഞ്ഞ തവണ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തെക്കാൾ രണ്ട് വോട്ട് കൂടുതൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ അപര നേടിയിരുന്നു. ഇതുകണ്ടാണ് ഇരു മുന്നണികളും അപരകളെ നിർത്തിയത്.
ബി.ജെ.പി സ്ഥാനാർഥിയായി എം.കെ. ശലിനയും രംഗത്തുള്ളതുകൊണ്ട് മൊത്തം ഏഴു സ്ഥാനാർഥികളാണ് 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ മുന്നണികൾ തമ്മിലുള്ള വീറും വാശിയും കൂടുതലാണ്. എൽ.ഡി.എഫിൽ സി.പി.ഐയും യു.ഡി.എഫിൽ മുസ്ലിം ലീഗുമാണ് മത്സരരംഗത്തുള്ളത്.
ഇരു മുന്നണികളുടെയും ഒന്നാം ഘട്ട പ്രചാരണം അവസാനിച്ചു. സംസ്ഥാന രാഷ്ട്രീയവും പ്രാദേശിക വികസന പ്രശ്നങ്ങളുമെല്ലാം പ്രചാരണ വിഷയമാവുന്നുണ്ട്.
15ൽ എട്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് പ്രസിഡന്റും 15ാം വാർഡ് അംഗവുമായിരുന്ന ഇ.ടി. രാധ അന്തരിച്ചതിനെ തുടർന്ന് ആദ്യം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. ഇതിൽ ഇരുമുന്നണികളും ഏഴു വീതം സീറ്റുകൾ നേടിയതോടെ നറുക്കെടുപ്പ് നടക്കുകയും ഭാഗ്യം യു.ഡി.എഫ് സ്ഥാനാർഥി എൻ.ടി. ഷിജിത്തിനെ തുണക്കുകയും ചെയ്തു.
‘മുംതാസ് ജയിക്കണം, ഷിജിത്ത് തുടരണം’ എന്നാണ് യു.ഡി.എഫ് മദ്രാവാക്യം. എന്നാൽ, ഏതു വിധേനയും സീറ്റ് നിലനിർത്തി പ്രസിഡന്റ് പദം തിരികെ പിടിക്കുകയെന്നതാണ് എൽ.ഡി.എഫ് ലക്ഷ്യം. സി.പി.എം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദും സി.പി.ഐ നേതാവ് ആർ. ശശിയുമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.