ഉപതെരഞ്ഞെടുപ്പ് തോൽവി: ചെറുവണ്ണൂരിൽ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനങ്ങൾ എൽ.ഡി.എഫ് രാജിവെച്ചു
text_fieldsപേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടമായ എൽ.ഡി.എഫ് വൈസ് പ്രസിഡന്റ് പദവിയും വികസന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും രാജിവെച്ചു.
വൈസ് പ്രസിഡന്റ് വി.പി. പ്രവിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. മോനിഷ എന്നിവരാണ് ചൊവ്വാഴ്ച സെക്രട്ടറി എം. രാമചന്ദ്രന് രാജി സമർപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ.ടി. രാധയുടെ മരണത്തെ തുടർന്ന് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ 15 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് എട്ടു സീറ്റുമായി കേവല ഭൂരിപക്ഷം കരസ്ഥമാക്കി. പ്രസിഡന്റ് പദം നേരത്തെ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചിരുന്നു. യു.ഡി.എഫിൽ കോൺഗ്രസിന് അഞ്ചും മുസ് ലിം ലീഗിന് മൂന്നും സീറ്റാണ് ഉള്ളത്.
എസ്.ടി സംവരണമായ പ്രസിഡന്റ് പദത്തിൽ എൻ.ടി. ഷിജിത്ത് തുടരും. വൈസ് പ്രസിഡന്റ് പദം മുസ് ലിം ലീഗിനാണ്. ലീഗിലെ ആദില നിബ്രാസ് ആയിരിക്കും യു.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ഒന്നാം വാർഡ് നാലു വോട്ടിന് പിടിച്ചെടുത്താണ് ആദില പഞ്ചായത്തിലെത്തിയത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവിക്കുള്ള ചർച്ചകൾ യു.ഡി.എഫിൽ നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.