സിനിമാമോഹം കടക്കെണിയിലാക്കി; നിർമാതാവിന്റെ വീടൊഴിപ്പിക്കാൻ വെടിവെപ്പ്, ഭീതി ഒഴിയാതെ നന്മണ്ട
text_fieldsനന്മണ്ട: ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ് നടന്ന നന്മണ്ട 12ൽ ഭീതി വിട്ടുമാറിയില്ല. മഠത്തിൽ വിത്സന്റെ വീട് ഒഴിപ്പിക്കാൻ ശനിയാഴ്ച നടത്തിയ വെടിവെപ്പാണ് ഗ്രാമീണരെ ചകിതരാക്കിയത്. വെടിവെപ്പും ഗുണ്ടാവിളയാട്ടവും കേട്ടറിവ് മാത്രമുള്ളവരാണ് ഗ്രാമീണർ. രാവിലെ കോടതി വിധി നടപ്പാക്കാൻവന്നവരുടെ കൂട്ടത്തിൽപ്പെട്ട സംഘം രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഉൾക്കൊള്ളാൻ വിത്സന്റെ കുടുംബത്തിനും കഴിഞ്ഞില്ല.
വീട് ഒഴിഞ്ഞുകൊടുക്കാൻ സാധനങ്ങൾ പുറത്തുവെച്ച് കാത്തിരിക്കുകയായിരുന്ന വിത്സന് നേരെ സംഘം വെടി ഉതിർക്കുകയായിരുന്നു. ഒരു റൗണ്ട് ആകാശത്തേക്ക് വെടി ഉതിർത്ത ശേഷമായിരുന്നു വിത്സനുനേരെ വെടി ഉതിർത്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വിത്സന്റെ സിനിമാമോഹമാണ് കടക്കെണിയിൽപ്പെട്ട് വീടില്ലാതെ വഴിയാധാരമാവാൻ ഇടയാക്കിയത്. 2012 ൽ 'വൈഡൂര്യം' എന്ന സിനിമയുടെ നിർമാണത്തിന് ഇറങ്ങി. ഷൂട്ടിങ് പൂർത്തിയായെങ്കിലും റിലീസ് ചെയ്യാൻ 50 ലക്ഷം രൂപ കൂടി വേണ്ടിവന്നു. കൈവശമുള്ള തൃശൂരിലെ 32 സെൻറ് സ്ഥലം പനായി സ്വദേശിക്ക് കൈമാറി.
അതിർത്തി പ്രശ്നം വന്നതോടെ നന്മണ്ടയിലുള്ള 30 സെൻറ് സ്ഥലവും വീടും പനായി സ്വദേശിയുടെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു. എന്നാൽ, തൃശൂരിലുള്ള സ്ഥലം വിൽക്കുമ്പോൾ നന്മണ്ടയിലുള്ള സ്ഥലം തിരിച്ച് രജിസ്റ്റർ ചെയ്യണമെന്ന തീരുമാനം നടപ്പാക്കാതെ പനായി സ്വദേശി വീട് ഒഴിഞ്ഞുകൊടുക്കാൻ കേസ് കൊടുക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കിയതോടെ വിൽസൻ വീടില്ലാതെ വഴിയാധാരമായി. പത്രവാർത്തയും ടി.വി. വാർത്തയും കണ്ട് പരിചിതരും അപരിചിതരും മഠത്തിൽ വീട് അന്വേഷിച്ചെത്തുമ്പോൾ പരിസരവാസികൾ ഭീതിയിലാണ്.
ഗുണ്ടകളുടെ ആളുകളാണോ സാന്ത്വനപ്പെടുത്താൻ വരുന്നവരാണോ എന്നൊന്നും അറിയാൻ കഴിയുന്നില്ല. വ്യാപാരികൾ കടകൾ നേരത്തേ അടച്ച് വീടണയുന്നു. വീട് വിട്ടുകിട്ടാൻ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തതായി വിൽസൺ പറഞ്ഞു. സഹോദരൻ പവിത്രന്റെ വീട്ടിലാണ് വിത്സനും കുടുംബവും ഇപ്പോൾ കഴിയുന്നത്.
വീടിന് വെടിവെപ്പ്: പ്രതികൾ റിമാൻഡിൽ
നന്മണ്ട: വീടൊഴിയുകയായിരുന്നവർക്കുനേരെ വെടിയുതിർത്ത കേസിൽ പ്രതികൾ റിമാൻഡിൽ. മുക്കം ചെറുവാടി ചൗത്തടിക മുനീർ (36), ഓമശ്ശേരി പുത്തൂർ കരിമ്പാറു കണ്ടി ഷാഫി (32) എന്നിവരെയാണ് പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. കൊലപാതകശ്രമം, ആയുധം ദുരുപയോഗം ചെയ്യൽ (ആംസ് ആക്ട്) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരിൽ ചുമത്തിയത്.
ശനിയാഴ്ച രാത്രി എട്ടോടെ നന്മണ്ട 12ൽ മഠത്തിൽ വിത്സന്റെ വീട്ടുപരിസരത്താണ് തോക്കുമായെത്തിയ മൂന്നംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെടി ശബ്ദവും ബഹളവും കേട്ട് പരിസരവാസികൾ ഓടിയെത്തിയതോടെ മൂന്നംഗ സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ വീട് ഒഴിയാനുള്ള കോടതി വിധിയുമായെത്തിയ ആമീനും നിയമപാലകർക്കുമൊപ്പം പ്രതികളുമുണ്ടായിരുന്നതായി വിത്സൻ പറഞ്ഞു.
വൈകീട്ട് വീട്ടിലെ സാധനങ്ങൾ മാറ്റുന്നതിനിടയിലാണ് ഇനിയും വീട് ഒഴിഞ്ഞുപോയില്ലേ എന്ന് അട്ടഹസിച്ചുകൊണ്ട് ഒരു റൗണ്ട് മുകളിലേക്കും പിന്നീട് കുടുംബത്തിനുനേരെയും വെടിയുതിർക്കുകയായിരുന്നു.
വെടിയുണ്ട വീടിന്റെ ചുവരിൽ തറച്ചതിനാൽ കുടുംബാംഗങ്ങൾ രക്ഷപ്പെടുകയായിരുന്നു. വടകരനിന്നെത്തിയ വിരലടയാള വിദഗ്ദ്ധ സബീനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വിത്സനും ഭാര്യ റീഷ്മയും മക്കളായ ശ്രേയ, സൂര്യദേവ് എന്നിവരും നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.