കൂത്താളി കൊരട്ടി വയൽ മണ്ണിട്ടു നികത്തുന്നു
text_fieldsപേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പേരാമ്പ്ര വില്ലേജിൽ റോഡ് നിർമാണത്തിന്റെ മറവിൽ നെൽവയൽ അനധികൃതമായി മണ്ണിട്ടു നികത്തുന്നതിനെതിരെ കൊരട്ടി പൗരസമിതി പ്രതിഷേധവുമായി രംഗത്ത്. മമ്പാട്ടിൽ -പഷ്ണിപറമ്പിൽ റോഡിനു സമീപമുള്ള 18 ഏക്കർ വരുന്ന വയലാണ് റോഡിനുവേണ്ടി മണ്ണിട്ടു നികത്തുന്നത്.
സെപ്റ്റംബറിൽ തുടങ്ങിയ മണ്ണിട്ടു നികത്തൽ ഇപ്പോഴും തുടരുകയാണ്. മണ്ണിട്ട സ്ഥലത്തിന്റെ ഇരുഭാഗത്തും നെൽകൃഷി ചെയ്യുന്നുണ്ട്. സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള റോഡിനു വേണ്ടിയാണ് കർഷകരെ ദ്രോഹിക്കുന്ന വിധത്തിൽ മണ്ണിട്ടു നികത്തൽ നടക്കുന്നതെന്ന് പൗരസമിതി ചൂണ്ടിക്കാട്ടി. റോഡ് നിർമാണത്തെ തുടർന്ന് വയലിൽ വെള്ളം കെട്ടിനിൽക്കാനും അതുവഴി കൃഷിനാശത്തിനും സാധ്യതയുണ്ട്. അനധികൃതമായി മണ്ണിട്ട സ്ഥലം ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 13ന്റെ ലംഘനവുമാണ്. വെങ്ങപ്പറ്റ ഹൈസ്കൂളിന്റെ സ്ഥലത്തുള്ള മണ്ണാണ് വയലിൽ അടിക്കുന്നത്. പൗരസമിതിയുടെ പരാതിപ്രകാരം വടകര ആർ.ഡി.ഒ അന്വേഷിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ട് ഒരു മാസമായി.
പക്ഷേ, ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. മണ്ണിട്ടു നികത്തുന്നത് കഴിഞ്ഞ ദിവസം നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. പൊലീസും റവന്യൂ അധികൃതരും അനധികൃത മണ്ണിട്ടുനികത്തലിന് സംരക്ഷണമൊരുക്കുകയാണ്. മണ്ണിട്ടുനികത്തുന്നതിനെതിരെ നടപടി കൈക്കൊള്ളുന്നില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പൗരസമിതി പ്രസിഡന്റ് സി.എച്ച്. രാഘവൻ, കോടേരി കുഞ്ഞനന്തൻ നായർ, കളരിയുള്ളതിൽ കുഞ്ഞിക്കണ്ണൻ, കൂടക്കല്ലിൽ ഗിരീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.