വിദേശത്തുള്ള ദമ്പതികൾ വിവാഹ രജിസ്ട്രേഷൻ നടത്തിയത് സൂം വഴി
text_fieldsപേരാമ്പ്ര: വിദേശത്തുള്ള ദമ്പതികൾ വിവാഹ രജിസ്ട്രേഷൻ നടത്തിയത് സൂം വഴി വീഡിയോ കോൺഫറൻസിലൂടെ. ചെമ്പനോട പിലാത്തോട്ടത്തിൽ നാണു-ചന്ദ്രിക ദമ്പതികളുടെ മകൾ പി.ടി. സജിനിയും പാലക്കാട് മടക്കുളമ്പ് കുന്നത്ത് ചന്ദ്രൻ-സതി ദമ്പതികളുടെ മകൻ മിഥുൻ ചന്ദ്രനുമാണ് വീഡിയോ കോൺഫറൻസ് വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
ഈ വർഷം ഏപ്രിൽ 12 ന് നാട്ടിൽവെച്ചായിരുന്നു ഇവരുടെ വിവാഹം. കോവിഡ് നിയന്ത്രണം കാരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നത് നീണ്ടുപോയി. ജോലി ആവശ്യാർഥം ഇരുവരും പെട്ടെന്ന് വിദേശത്തേക്ക് തിരിച്ചുപോയി. കോവിഡ് കാലത്ത് രജിസ്ട്രേഷൻ നടത്താൻ പറ്റാതെ ദൂരെ സ്ഥലങ്ങളിലേക്ക് പോയവർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസ് വഴി ഡിസംബർ 31 വരെ വിവാഹ രജിസ്ട്രേഷൻ നടത്താൻ സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിദേശത്തുള്ളവർ വീഡിയോ കോൺഫറൻസ് മുഖേനെ അവസരം വിനിയോഗിക്കുന്നത്. നാട്ടിലെത്തി ഒരു മാസത്തിനകം നേരിട്ട് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഒപ്പിട്ട് നൽകണം. വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം വിദേശത്തുള്ള ഭർത്താവിനരികിലേക്ക് പോകാൻ പറ്റാത്ത നിരവധി ആളുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ വലിയ സഹായമാണ്.
പേരാമ്പ്ര മേഖലയിലെ ആദ്യ വീഡിയോ കോൺഫറൻസ് വഴിയുള്ള വിവാഹ രജിസ്ട്രേഷൻ ആണ് ചക്കിട്ടപാറയിൽ നടന്നത്. സും മീറ്റിങ്ങിലൂടെയായിരുന്നു സെക്രട്ടറി അനീഷ് അരവിന്ദ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.