പേരാമ്പ്ര എ.എസ്.പിക്കെതിരെ സി.പി.എം
text_fieldsപേരാമ്പ്ര: പേരാമ്പ്ര എ.എസ്.പിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ഏരിയ കമ്മിറ്റി രംഗത്ത്. ക്രമസമാധാനപാലനത്തിൽ നീതിയുക്തമായി നടപടി സ്വീകരിക്കുന്നതിനുപകരം എ.എസ്.പി വിഷ്ണുപ്രദീപ് പക്ഷപാതം കാട്ടുന്നതായും അക്രമികളെ സംരക്ഷിക്കുന്നതായും സി.പി.എം ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ പാലേരിയിലും കായണ്ണയിലുമുണ്ടായ അക്രമസംഭവങ്ങളിൽ യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനുപകരം സി.പി.എം പ്രവർത്തകരെ വേട്ടയാടാനാണ് പൊലീസ് തയാറായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വടക്കുമ്പാട് കോങ്ങോടുമ്മൽ വിപിന്റെ വീട്ടിലേക്ക് അർധരാത്രിയിൽ ആർ.എസ്.എസുകാർ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല.
സംഭവത്തിൽ വീടുകയറി ഭീഷണിപ്പെടുത്തിയെന്നുകാട്ടി ആർ.എസ്.എസുകാരൻ നൽകിയ പരാതിയിലും കന്നാട്ടിയിൽ ബോംബേറുണ്ടായെന്ന പരാതിയിലും സി.പി.എം പ്രവർത്തകരുടെ വീടുകളിൽ അർധരാത്രിയിൽ റെയ്ഡ് നടത്തുകയും സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയുമാണ് പൊലീസ് ചെയ്യുന്നത്.
ആർ.എസ്.എസുകാർ നൽകിയ ലിസ്റ്റനുസരിച്ച് 18 വയസ്സിൽ താഴെയുള്ളവരെയും മിലിറ്ററി, നേവി തുടങ്ങിയ സേനകളിലും പി.എസ്.സി മുഖേന ജോലി പ്രതീക്ഷിച്ചിരിക്കുന്നവരെയും കള്ളക്കേസിൽ കുടുക്കി മനഃപൂർവം ദ്രോഹിക്കുകയാണ്.
പ്രദേശത്ത് സംഘർഷമുണ്ടാകുന്നത് തടയാൻ ഇടപെട്ട സി.പി.എം ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ പി.എസ്. പ്രവീണിനെ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയുമുണ്ടായി. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ അന്യായമായി തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് ഇവർ വ്യക്തമാക്കി.
കായണ്ണ മാട്ടനോടുള്ള ആൾദൈവം ഏറെക്കാലമായി ആഭിചാരക്രിയയും ദുർമന്ത്രവാദവുമായി ജനങ്ങളെ ചൂഷണം ചെയ്യുകയും നാടിന്റെ സ്വൈരജീവിതം തകർക്കുകയുമാണ്. നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും പൊലീസ് നടപടിയുണ്ടാകുന്നില്ല.
ഇലന്തൂർ ആഭിചാരക്കൊലയുടെ പശ്ചാത്തലത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി, കഴിഞ്ഞ ദിവസം ഇവിടേക്ക് വാഹനങ്ങളിലെത്തിയവരെ തിരിച്ചയച്ചിരുന്നു. ഇതിൽ നാട്ടുകാർക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ആൾദൈവത്തിനെതിരെ സർവകക്ഷി ആക്ഷൻ കമ്മിറ്റി പരാതി നൽകുകയും ആറുമാസത്തിലേറെ സമാധാനപരമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തുകയുണ്ടായി.
ആൾദൈവത്തിനെതിരെ കേസെടുക്കണമെന്നും ആഭിചാരകേന്ദ്രം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് കായണ്ണ പഞ്ചായത്ത് പ്രസിഡൻറ് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കുറ്റവാളിക്കെതിരെ കേസെടുക്കുന്നതിനുപകരം ആക്ഷൻ കമ്മിറ്റിക്കാർക്കെതിരെ കേസെടുക്കുകയാണ്.
എൽ.ഡി.എഫ് സർക്കാറിന്റെ പൊലീസ് നയത്തിനു വിരുദ്ധമായ ഇത്തരം പ്രവണതകൾ അവസാനിപ്പിച്ച് പൊലീസ് നീതിപൂർവം പ്രവർത്തിക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എം.കെ. നളിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മത്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മത്, എ.കെ. ബാലൻ, എസ്.കെ. സജീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.