ആവളയിൽ സി.പി.എം - സി.പി.ഐ സംഘർഷം
text_fieldsപേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ആവളയിൽ സി.പി.എം - സി.പി.ഐ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ സി.പി.എം പ്രവർത്തകരായ പീടികയുള്ളതിൽ പ്രമോദ് (50) സായന്ത് കേളിക (22 ) എന്നിവർക്ക് പരുക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
സി.പി.ഐ പ്രവർത്തകരായ അഖിൽ കേളോത്ത്, കെ.എം. ലിനീഷ് എന്നിവർക്കും പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പന്നിമുക്ക് - ആവള റോഡ് നിർമാണ പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് മഠത്തിൽ മുക്കിൽ സി.പി.ഐ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയാണ് സംഘർഷമുണ്ടായത്.
റോഡ് ഉപരോധം ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകരെ സി.പി.ഐക്കാർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മുന്നറിയിപ്പില്ലാതെ സമരം നടത്തിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കിയെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. റോഡ് പ്രവൃത്തി മുടങ്ങിക്കിടക്കുന്നതുകാരണം രണ്ടുവർഷത്തോളമായി ആളുകൾ പ്രയാസപ്പെടുകയാണ്. ഇത് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സമരം നടത്തിയതെന്ന് സി.പി.ഐ ചൂണ്ടിക്കാണിക്കുന്നു. എൽ.ഡി.എഫിൽ സി.പി.ഐക്ക് പ്രസിഡന്റ് പദമുള്ള പഞ്ചായത്താണ് ചെറുവണ്ണൂർ. ഇവിടെ ഘടക കക്ഷികൾ തമ്മിലുണ്ടായ സംഘർഷം വേഗം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം.
റോഡ് ഉപരോധിച്ചു
പേരാമ്പ്ര: രണ്ട് വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ച പന്നി മുക്ക് - മഠത്തിൽ മുക്ക് - ആവള റോഡിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തിൽ മഠത്തിൽ മുക്കിൽ നടത്തിയ റോഡ് ഉപരോധം ജില്ലാ കൗൺസിൽ അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.
കരാറുകാരന്റെ അനാസ്ഥകാരണം വർഷങ്ങളായി ഒച്ചിന്റെ വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്ന നിർമാണ പ്രവൃത്തി കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്.ദൂരദിക്കിൽനിന്ന് ആവള ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പി.എച്ച്.സി, എന്നിവിടങ്ങളിലേക്കെത്തുന്ന നൂറു കണക്കിന് വിദ്യാർഥികളും രോഗികളും ഇതു കാരണം കഷ്ടപ്പെടുകയാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബി.ബി. ബിനീഷ്, ജിജോയ് ആവള, എൻ. പ്രമോദ് ദാസ്, കെ.എം. ബിജഷ, കെ. അജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.