ചുഴലിക്കാറ്റ്: വ്യാപകനാശം
text_fieldsപേരാമ്പ്ര: ഞായറാഴ്ച പുലർച്ചയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പേരാമ്പ്ര, നൊച്ചാട്, ചക്കിട്ടപ്പാറ, മേപ്പയ്യൂർ പഞ്ചായത്തുകളിൽ വ്യാപക നാശമാണ് വരുത്തിയത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാർഷിക വിളകളും വ്യാപകമായി നശിച്ചു. നൊച്ചാട് പഞ്ചായത്തിൽ 17 വീടുകൾക്ക് നാശം. ചുഴലിക്കാറ്റിൽ നൊച്ചാട് പഞ്ചായത്തിലെ മായഞ്ചേരി പൊയിൽ, ചാലിക്കര, വെള്ളിയൂർ, പുളിയോട്ട് മുക്ക് വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. വെള്ളിയൂരിലെ എടവന അബ്ദുല്ല, എടവലത്ത് കണ്ടി കേശവൻ, കിളിയാലൻ കണ്ടി അമ്മതുകുട്ടി, അസ്സൻ കുട്ടി, കുന്നുമ്മൽ ഫൈസൽ, പുളിയോട്ടു മുക്കിലെ എടക്കണ്ടി ബാലൻ, വലിയ പറമ്പിൽ ഷാജു, സുരേഷ്, ബാലൻ, പുളച്ചാലക്കണ്ടി കുഞ്ഞ്യോയി, എടത്തും ചാലിൽ ഇബ്രാഹിം, മുഹമ്മദലി, പുലച്ചാളക്കണ്ടി ഗഫൂർ, സുഹറ, കുറുങ്ങോട്ടിടത്തിൽ അബൂബക്കർ, മായഞ്ചേരി പൊയിലിലെ മുളെയിൽ ബാബു എന്നിവരുടെ വീട്ടുകൾക്ക് മുകളിൽ മരം വീണ് കേടുപാട് സംഭവിച്ചു. പ്ലാവ്, മാവ്, തെങ്ങ്, കവുങ്ങ്, വാഴ ഉൾപ്പെടെയുള്ള വിളകൾ ചുഴലിക്കാറ്റിൽ നിലംപതിച്ചു. ചുഴലിക്കാറ്റിൽ നാശമുണ്ടായ പ്രദേശങ്ങൾ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി കൊട്ടാരക്കൽ, കെ. മധു കൃഷ്ണൻ, കെ. അമ്പിളി, സനില ചെറുവറ്റ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എടവന സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചു.
പേരാമ്പ്രയിലും വീടുകൾ തകർന്നു
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ 17, 18 വാർഡുകളിൽ ഞായറാഴ്ച പുലർച്ചയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പുത്തൂർ കല്യാണിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് ലക്ഷങ്ങളുടെ നഷ്ടം. 18ാം വാർഡിലെ ചെറിയ കോങ്ങോട്ടു മുസ്തഫയുടെ വീടിന് മുകളിൽ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. കോങ്ങോട്ടു പോക്കറുടെ ഇരുപതോളം വാഴ നശിച്ചു. കോങ്ങോട്ടു മജീദിന്റെ റബർ മരംവീണു. പുതുക്കേപ്പുറത്ത് കുഞ്ഞബ്ദുല്ല മാസ്റ്ററുടെ വീടിനോട് ചേർന്ന് തേക്കുമരവും റബറും കാറ്റിൽ കടപുഴകി. മരങ്ങൾ വീണ് പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. എടവരാട്, ചേനായി ഭാഗങ്ങളിലും ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 18ാം വാർഡിലെ പുതിയടുത്ത് മീത്തൽ സുമയുടെ വീടിനു മുകളിലേക്ക് തേക്കുമരം കടപുഴകി കേടുപാടുകൾ സംഭവിച്ചു. പാറപ്പുറത്തെ മുതുവോട്ട് കണ്ടി രാജേഷിന്റെ കാലിത്തൊഴുത്തിന് മുകളിൽ തെങ്ങ് വീണു, പുതിയെടുത്ത് മൊയ്തി, മുതുകണ്ടി നസീമ എന്നിവക്കും വലിയ കൃഷി നാശം സംഭവിച്ചു. ചക്കിട്ടപാറ,നൊച്ചാട്, പേരാമ്പ്ര പഞ്ചായത്തുകളിലെ വിവിധ മേഖലകളില് റോഡിലേക്ക് വീണ് ഗതാഗത തടസ്സം സൃഷ്ടിച്ച മരങ്ങള് പേരാമ്പ്ര അഗ്നി രക്ഷാ സേനയെത്തി മുറിച്ചുനീക്കി.
മേപ്പയ്യൂരിലും നാശം വിതച്ച് ചുഴലി
മേപ്പയ്യൂർ: ചുഴലിക്കാറ്റ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലും വ്യാപക നാശം വിതച്ചു. ശക്തമായ കാറ്റിൽ ഒട്ടേറെ വൃക്ഷങ്ങൾ കടപുഴകി. വീടുകൾക്കും നാശം സംഭവിച്ചു. കൊഴുക്കല്ലൂരിലെ പുതുക്കുടിക്കണ്ടി ദേവിയുടെ വീടിന് മുകളിൽ മരം വീണ് തകർന്നു. പുതുക്കുടിക്കണ്ടി കൃഷ്ണന്റെ വീട്ടവളപ്പിൽ മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. മന്ദത്ത് അമ്മത്, നൊട്ടിയിൽ അമ്മദ്, കിണറുള്ള കണ്ടി ചിരുതക്കുട്ടി, തിരുമംഗലത്ത് ചന്ദ്രൻ, പുതുശ്ശേരി ബാലകൃഷ്ണൻ കിടാവ്, എന്നിവരുടെ കാർഷിക വിളകൾക്കും കാറ്റിൽ നാശം സംഭവിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മെംബർ മിനി അശോകൻ, ഡെപ്യൂട്ടി തഹസിൽദാർ ഇ.എം. ബിജു എന്നിവർ സ്ഥലം സന്ദർശിച്ചു.
കോക്കല്ലൂർ, പറമ്പിൻ മുകൾ പ്രദേശത്തും നാശനഷ്ടം
ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂർ, പറമ്പിൻ മുകൾ പ്രദേശത്ത് ഇന്നലെ പുലർച്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ. കോക്കല്ലൂർ പുതിയോട്ട് പ്രദേശത്തെ അയോധ്യയിൽ ചന്ദ്രമതിയുടെ വീടിനു മുകളിലേക്ക് തെങ്ങും മാവും കടപുഴകി. പുതിയോട്ട് രമേശിന്റെയും പ്രകാശന്റെയും പറമ്പിലെ തേക്കും മാവും കാറ്റിൽ റോഡിലേക്ക് മുറിഞ്ഞുവീണ് ഗതാഗത തടസ്സമുണ്ടായി.
കുറുവച്ചാലിൽ മൊയ്തീന്റെ വീടിനു മുകളിലും പുന്നോറത്ത് ബാബുവിന്റെ പറമ്പിലും മരങ്ങൾ കടപുഴകി നാശനഷ്ടമുണ്ടായി. പറമ്പിൻ മുകൾ പഴയ വില്ലേജ് ഓഫിസിനു പിന്നിലെ സെന്റർ നമ്പർ 27 അംഗൻവാടി കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ തണൽമരം കടപുഴകി കെട്ടിടത്തിന്റെ ചുമരിന് കേടുപാടുണ്ടായി. പറമ്പിൻ മുകളിനടുത്ത് പ്രവർത്തിക്കുന്ന ബാലുശ്ശേരി എക്സൈസ് സർക്കിൾ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നുപോയി.
ഉണ്ണികുളത്ത് നാശം വിതച്ച് വീണ്ടും ചുഴലിക്കാറ്റ്
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചയുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി. വിവിധ വാർഡുകളിൽ നിരവധി വീടുകൾ തകർന്നു. ലൈനിൽ മരം വീണ് വൈദ്യുതി തൂണുകൾ നിലംപതിച്ചു. ചോയിമഠം പത്താം വാർഡിൽ കാന്തപുരം ജനകീയ ആരോഗ്യ കേന്ദ്രം സബ് സെന്ററിന് മുകളിൽ രണ്ട് പ്ലാവുകൾ മുറിഞ്ഞു വീണ് മുൻഭാഗത്തുള്ള ഷീറ്റും ബോർഡും തകർന്നു. ആനപ്പാറ ശ്യാമളയുടെ വീടിനു മുകളിൽ മരം വീണ് അടുക്കളഭാഗവും മേൽക്കൂരയും തകർന്നു. ആനപ്പാറ സരോജിനിയുടെ വീടിനും തെങ്ങുവീണ് നാശനഷ്ടമുണ്ടായി. ഈ വാർഡിൽ നിരവധി വൈദ്യുതി തൂണുകളും ലൈനുകളും തകർന്നിട്ടുണ്ട്. വാർഡ് മെംബർ കെ.കെ. അബ്ദുല്ല മാസ്റ്റർ സ്ഥലം സന്ദർശിച്ചു.
പൂനൂർ കോളിക്കൽ വട്ടിക്കുന്നുമ്മൽ ഇല്യാസിന്റെ കോൺക്രീറ്റ് വീടിന് മുകളിലേക്ക് മാവു വീണ് നാശമുണ്ടായി. വീട്ടിൽ ഉറങ്ങുകയായിരുന്ന ഇല്യാസും ഭാര്യയും നാല് കുട്ടികളും തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വാർഡ് മെംബർ മുഹമ്മദ് മോയത്ത് സ്ഥലം സന്ദർശിച്ചു. എസ്റ്റേറ്റ് മുക്ക് ചിറക്കൽ ഭാഗത്ത് കല്ലിടുക്കിൽ ഷെഫീക്കിന്റെ വീടിന് മുകളിൽ കവുങ്ങും മൊയ്തീൻ കോയയുടെ വീടിന് മുകളിൽ തേക്ക് മരവും വീണു. ചിറക്കൽ റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ മരങ്ങൾ മുറിച്ചുമാറ്റി. ഇയ്യാട് താഴെ കുളങ്ങര സുബൈദയുടെ വീടിന് മുകളിൽ മരംവീണ് നാശമുണ്ടായി.
ഓടിട്ട മേൽക്കൂരയും കോൺക്രീറ്റ് ഭാഗവും തകർന്നു. വീടിനകത്ത് വെള്ളം കയറി. വാർഡ് മെംബർ അതുൽ പുറക്കാട് സ്ഥലം സന്ദർശിച്ചു. കപ്പുറത്ത് കുറുന്നങ്ങൽ ഹമീദിന്റെ കോൺക്രീറ്റ് വീടിന് മുകളിൽ തെങ്ങ് വീണ് അടുക്കള ഭാഗം ഭാഗികമായി തകർന്നു. കപ്പുറം നെരോത്ത് കണ്ടി മുകുന്ദന്റെ വീട്ടിലും തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. വള്ളിയോത്ത് വാർഡ് 15ൽ തയ്യുള്ളതിൽ ബഷീറിന്റെ വീടിന് മുകളിലേക്ക് അയൽവാസിയുടെ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. കോൺക്രീറ്റ് വീടിന്റെ അടുക്കളഭാഗത്തെ സ്ലാബ് തകർന്നു. തിയ്യരാത്തൂട്ട് പറമ്പിൽനിന്ന് കവുങ്ങ് വീണ് വൈദ്യുതി ലൈൻ തകർന്നു.
ചുഴലിക്കാറ്റിൽ തെങ്ങ് വീണ് ദമ്പതികൾക്ക് പരിക്ക്
ബാലുശ്ശേരി: കോക്കല്ലൂരിൽ വീടിനു മുകളിൽ തെങ്ങ് വീണ് ദമ്പതികൾക്ക് പരിക്ക്. മീത്തലെ ചാലിൽ കുമാരൻ (75), ഭാര്യ കാർത്തി എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് ഗുതരമായി പരിക്കേറ്റ കുമാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് പൂർണമായും തകർന്നിട്ടുണ്ട്. നിർമല്ലൂർ പാറമുക്ക് രമിലേഷിന്റെ വീടിനു മുകളിൽ തെങ്ങ് വീണു. ആളപായമില്ല.
കനത്ത മഴ: നടുവണ്ണൂർ മേഖലയിൽ വ്യാപക നാശം
നടുവണ്ണൂർ: ഞായറാഴ്ച പുലർച്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും നടുവണ്ണൂർ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകൾക്ക് മുകളിലും കെ.എസ്.ഇ.ബി ലൈനുകൾക്ക് മുകളിലേക്കും മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ അലങ്കോടുമ്മൽ ഹരിദാസന്റെ വീടിനുമുകളിൽ തെങ്ങ് വീണു. ഓട് മേഞ്ഞ മേൽക്കൂര തകർന്നു. താഴെ പുനത്തിൽ രാജീവന്റെ വീടിനു മുകളിൽ മരം വീണു. മരം മുറിച്ചുമാറ്റി. മഠത്തിൽ കുഴി ആർ.കെ. ശിവന്റെ വീടിന് മുകളിലും രാമൻ പുഴയിൽ കരിമ്പാപൊയിലിന് സമീപത്തെ ബണ്ടിന് മുകളിലും മരം വീണു. പെരവച്ചേരി മൂലാട് റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ മരം വീണു. നടുവണ്ണൂർ പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി. കനത്ത മഴയും മിന്നൽ ചുഴലിയും മൂലം കൃഷി നശിച്ച നിലയിലാണ്.
പാണൻ കണ്ടി രാജന്റെ പറമ്പിലെ തെങ്ങുകളും പ്ലാവുമടക്കം നിരവധി മരങ്ങൾ വീണതിനാൽ വൈദ്യുതി ലൈൻ പൊട്ടി നെല്ലട്ടാം വീട്ടിൽ ആഞ്ഞോളിമുക്ക് റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നെടിയ കൊയമ്പ്രത്ത് രാഘവന്റെ പറമ്പിലെ പ്ലാവ് വീണ് വൈദ്യുതി ലൈനിന് കേടു സംഭവിച്ചു. കൊയമ്പ്രത്ത് വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി. എൻ.വി. സുരേഷിന്റെ പറമ്പിലെ തെങ്ങ് കാവുന്തറ റോഡിലേക്ക് വീണതിനാൽ റോഡ് ഗതാഗതം തടസ്സപ്പെടുകയും വീട്ടിലേക്കുള്ള വൈദ്യുതി മുടങ്ങുകയും ചെയ്തു. സംസ്ഥാന പാതയിൽ നടുവണ്ണൂർ കെയർ ആൻഡ് ക്യൂയർ ആശുപത്രിക്ക് സമീപം മരം വീണത് പുലർച്ച റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. നടുവണ്ണൂർ മത്സ്യ മാർക്കറ്റിന് പിറകുവശത്തെ കിഴക്കേടത്ത് പറമ്പ് മരുതിയാട്ട് ഷെരീഫിന്റെ പറമ്പിലെയും വെള്ളപ്പാലൻ കണ്ടി അബ്ദുറഹിമാൻ മാസ്റ്ററുടെ പറമ്പിലേയും മരങ്ങൾ മുറിഞ്ഞുവീണ് വൈദ്യുതി വിതരണം മുടങ്ങി.
ഉണ്ണികുളത്ത് നാശം വിതച്ച് വീണ്ടും ചുഴലിക്കാറ്റ്
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചയുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി. വിവിധ വാർഡുകളിൽ നിരവധി വീടുകൾ തകർന്നു. ലൈനിൽ മരം വീണ് വൈദ്യുതി തൂണുകൾ നിലംപതിച്ചു. ചോയിമഠം പത്താം വാർഡിൽ കാന്തപുരം ജനകീയ ആരോഗ്യ കേന്ദ്രം സബ് സെന്ററിന് മുകളിൽ രണ്ട് പ്ലാവുകൾ മുറിഞ്ഞു വീണ് മുൻഭാഗത്തുള്ള ഷീറ്റും ബോർഡും തകർന്നു. ആനപ്പാറ ശ്യാമളയുടെ വീടിനു മുകളിൽ മരം വീണ് അടുക്കളഭാഗവും മേൽക്കൂരയും തകർന്നു. ആനപ്പാറ സരോജിനിയുടെ വീടിനും തെങ്ങുവീണ് നാശനഷ്ടമുണ്ടായി. ഈ വാർഡിൽ നിരവധി വൈദ്യുതി തൂണുകളും ലൈനുകളും തകർന്നിട്ടുണ്ട്. വാർഡ് മെംബർ കെ.കെ. അബ്ദുല്ല മാസ്റ്റർ സ്ഥലം സന്ദർശിച്ചു.
പൂനൂർ കോളിക്കൽ വട്ടിക്കുന്നുമ്മൽ ഇല്യാസിന്റെ കോൺക്രീറ്റ് വീടിന് മുകളിലേക്ക് മാവു വീണ് നാശമുണ്ടായി. വീട്ടിൽ ഉറങ്ങുകയായിരുന്ന ഇല്യാസും ഭാര്യയും നാല് കുട്ടികളും തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വാർഡ് മെംബർ മുഹമ്മദ് മോയത്ത് സ്ഥലം സന്ദർശിച്ചു. എസ്റ്റേറ്റ് മുക്ക് ചിറക്കൽ ഭാഗത്ത് കല്ലിടുക്കിൽ ഷെഫീക്കിന്റെ വീടിന് മുകളിൽ കവുങ്ങും മൊയ്തീൻ കോയയുടെ വീടിന് മുകളിൽ തേക്ക് മരവും വീണു. ചിറക്കൽ റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ മരങ്ങൾ മുറിച്ചുമാറ്റി. ഇയ്യാട് താഴെ കുളങ്ങര സുബൈദയുടെ വീടിന് മുകളിൽ മരംവീണ് നാശമുണ്ടായി.
ഓടിട്ട മേൽക്കൂരയും കോൺക്രീറ്റ് ഭാഗവും തകർന്നു. വീടിനകത്ത് വെള്ളം കയറി. വാർഡ് മെംബർ അതുൽ പുറക്കാട് സ്ഥലം സന്ദർശിച്ചു. കപ്പുറത്ത് കുറുന്നങ്ങൽ ഹമീദിന്റെ കോൺക്രീറ്റ് വീടിന് മുകളിൽ തെങ്ങ് വീണ് അടുക്കള ഭാഗം ഭാഗികമായി തകർന്നു. കപ്പുറം നെരോത്ത് കണ്ടി മുകുന്ദന്റെ വീട്ടിലും തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. വള്ളിയോത്ത് വാർഡ് 15ൽ തയ്യുള്ളതിൽ ബഷീറിന്റെ വീടിന് മുകളിലേക്ക് അയൽവാസിയുടെ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. കോൺക്രീറ്റ് വീടിന്റെ അടുക്കളഭാഗത്തെ സ്ലാബ് തകർന്നു. തിയ്യരാത്തൂട്ട് പറമ്പിൽനിന്ന് കവുങ്ങ് വീണ് വൈദ്യുതി ലൈൻ തകർന്നു.
കക്കയം ഡാം സൈറ്റ് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ പാമ്പ് വളവിന് സമീപം പാതയോരത്തെ മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ബ്രിഗേഡ് ടീം അംഗങ്ങളുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടി മാറ്റി റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ബ്രിഗേഡ് ക്യാപ്റ്റൻ അജ്മൽ ചാലിടം, വൈസ് ക്യാപ്റ്റൻ ടിൽസ് പടലോടി, ഷാജി ഒറ്റപ്ലാക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ജോൺസൻ കക്കയം എന്നിവർ നേതൃത്വം നൽകി.
കിഴക്കോത്ത് പരക്കെ നാശനഷ്ടം
കൊടുവള്ളി: ഞായറാഴ്ച പുലർച്ചെ നാലരയോടെ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ കിഴക്കോത്ത് പരക്കെ നാശനഷ്ടം. മരങ്ങൾ വ്യാപകമായി പൊട്ടിവീഴുകയും കെട്ടിടങ്ങ വൈദ്യുതി തൂണുകളും തകർന്നു. ആവിലോറയിൽ ചുഴലിക്കാറ്റിൽ അവിലോറ പരേതനായ ചാത്തുക്കുട്ടി മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയും, സമീപത്തെ തീപ്പെട്ടി കമ്പനിയുടെ വളപ്പിലെ മാവും വൈദ്യുതി ലൈനിൽ വീണ് ട്രാൻസ്ഫോർമർ പൂർണമായും തകർന്നു. പ്രദേശത്തെ വൈദ്യുതിലൈനുകളും തൂണുകളും പൊട്ടിവീഴുകയും ചെയ്തതോടെ വൈദ്യുതി തടസപ്പെട്ടു. കെട്ടിടത്തിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നെല്ലാംങ്കണ്ടി കത്തറമ്മൽ റോഡിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.
ആവിലോറ എം.എം.എ.യു.പി സ്കൂളിന്റെ രണ്ടാം നിലയിൽ പതിച്ച ഓടുകൾ ഭാഗികമായി പറന്നുപോയി. മക്കാട്ട് പൊയിൽ അബ്ദുൽ നാസർ, തടായിൽ അബ്ദുൽ മജീദ്, ചക്കംകൊള്ളിൽ അഷ്റഫ്, പാറക്കണ്ടിയിൽ ഷാഫി എന്നിവരുടെ വീടുകൾക്കുമുകളിൽ മരങ്ങൾ പൊട്ടി വീണു. കൊടുവള്ളിമുനിസിപ്പാലിറ്റിയിലെപട്ടിണിക്കര, കോട്ടക്കൽ, വാവാട്, മുക്കിലങ്ങാടി, കരീറ്റിപറമ്പ്, ചുണ്ടപ്പുറം, ചുണ്ടപ്പുറം, ചുണ്ടപ്പുറം, ഒതയോത്ത്, പാലക്കുറ്റി, വൈക്കര, നെല്ലാംകണ്ടി, മുത്തമ്പലം, പട്ടിണിക്കര, കെടേക്കുന്ന്, മദ്റസ ബസാർ, കളരാന്തിരി പ്രദേശങ്ങളിലും കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശമുണ്ടായി.
താമരശ്ശേരി: മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശം. മരങ്ങളെ പിഴുതെറിഞ്ഞുള്ള ചുഴലിക്കാറ്റിൽ മരയോരം വിറച്ചു.
മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലുമാണ് വ്യാപക നഷ്ടങ്ങളുണ്ടായത്. പലയിടങ്ങളിലും റോഡിലേക്ക് മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിൽ രണ്ട്, നാല് വളവുകളിൽ വാഹനങ്ങൾ കുടുങ്ങി.
ശക്തമായ കാറ്റിൽ വീടിനുമുകളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യൂതി തൂണുകളിൽ മരം വീണ് ഗതാഗത തടസം നേരിടുകയും വൈദ്യുതി നിലക്കുകയും ചെയ്തു. മഴയെത്തുടർന്ന് വീടുകളിലെയും റോഡുകളിലേയും മതിലുകൾ തകന്നു. പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. പുതുപ്പാടി കൈതപ്പൊയിൽ ടി.കെ. സുബൈറിന്റെ വീടിസുമുകളിൽ തെങ്ങ് മുറിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ ധർമശാസ്താ ക്ഷേത്രത്തിനുമുകളിൽ മരം വീണു. ഈ ഭാഗത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി പള്ളിപ്പുറം ഒതയോത്ത് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കാന്തപുരം കരുവാറ്റ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കട്ടിപ്പാറ പതിനൊന്നാം വാർഡിൽ കോളിക്കൽ വട്ടിക്കുന്നുമ്മൽ ഇല്യാസിന്റെ വീടിനുമുകളിൽ മരം വീണു.
വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശ വാസികളും, ഐഡിയൽ ഹെൽപ് ലൈൻ പ്രവർത്തകരും മാവ് വെട്ടിമാറ്റുകയായിരുന്നു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെംബറുമായ മോയത്ത് മുഹമ്മദ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അമ്പായത്തോട് കറുപ്പം വീട്ടിൽ കറുപ്പം വീട്ടിൽ ഷംസുദ്ദീന്റെ വീട്ടുമുറ്റത്ത് കാർ മരം വീണ് തകർന്നു. നൂറോളം വാഴകളും നശിച്ചു. അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന വത്സലയുടെ വീട് മരം വീണ് തകർന്നു. നാലാം പ്ലോട്ടിലെ ശോഭനയുടെ വീടും മരംവീണ് തകർന്നു.
മിച്ചഭൂമി മൂന്നാം ഫ്ലോട്ടിലെ സരോജിനി, പാത്തുമ്മ, അമ്പായത്തോട് ജലീഷ് എന്നിവരുടെ വീടുകൾക്കുമുകളിലും മരം വീണു. കിഴക്കോത്ത് എളേറ്റിൽ വട്ടോളി രാമന്റെ വീടിനും മരം വീടണ് വ്യാപക തകരാറുകളുണ്ടായി.
തിരുവമ്പാടി: ഞാറാഴ്ച പുലർച്ച 4.45 ഓടെ വീശിയടിച്ച കനത്ത കാറ്റിൽ മലയോര മേഖലയിൽ വ്യാപക നാശം. കൂടരഞ്ഞി, തിരുവമ്പാടി ഭാഗങ്ങളിലാണ് വൻ നാശമുണ്ടായത്. തിരുവമ്പാടി ചവലപ്പാറയിൽ അരഞ്ഞാണിയിൽ ഫ്രാൻസിസിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.
ചവലപ്പാറ കോണമണ്ണിൽ ബഷീറിന്റെ കടക്കുമുകളിൽ തേക്ക് മരം വീണു സൺഷേഡ് തകർന്നു. നാടികുന്നേൽ തോമസിന്റെ 20 ജാതി മരങ്ങളും കമുക്, വാഴ കൃഷിയും നശിച്ചു. എടക്കര ബാബുവിന്റെ റബർ, കമുക് മരങ്ങൾ കട പുഴകി. ചവലപ്പാറയിൽ വൈദ്യുത തൂൺ വീണ് ലൈനുകൾ താറുമാറായി. കുമ്പാറ പുഷ്പഗിരി-മാങ്കയം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
കുമ്പാറ-കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയിൽ വൈദ്യുത ലൈൻ റോഡിലേക്ക് പൊട്ടി വീണു. കൂടരഞ്ഞി ആനയോടും കൽപ്പിനിയിലും വൈദ്യുത തൂണുകൾ നിലം പതിച്ചു. റബർ, തെങ്ങ്, കമുക് ഉൾപ്പെടെ കട പുഴകി കർഷകർക്കും നാശനഷ്ടമുണ്ടായി. ഞാറാഴ്ച ഉച്ചയോടെ പലയിടങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.