മഠത്തിൽമുക്കിെൻറ 'തക്കുടു'വിനെ അവർ തിരിച്ചെത്തിച്ചു
text_fieldsപേരാമ്പ്ര: ആവള മഠത്തിൽ മുക്കിലെ പീടികതിണ്ണയിൽ അവനുണ്ടാവും. രാത്രി വൈകി മഠത്തിൽ മുക്കിൽ എത്തുന്നവരെ വീട്ടിലെത്തുന്നതുവരെ പിന്തുടരും. അവർ വീടിനകത്തു കടന്നെന്ന് ഉറപ്പുവരുത്തിയാൽ തക്കുടു വീണ്ടും കടത്തിണ്ണയിലേക്ക് പോകും. മഠത്തിൽ മുക്കിെൻറ കാവൽ സ്വയം ഏറ്റെടുത്ത നാട്ടുകാരുടെ പ്രിയപ്പെട്ട തക്കുടു എന്ന ഈ നായ് ഒരപകടത്തിൽപ്പെട്ട് ചികിത്സയിലാണിപ്പോൾ.
മുക്കത്തുനിന്ന് കല്ലുമായി വന്ന ലോറി തിരിച്ചുപോകുമ്പോൾ അതിെൻറ അടിയിൽപ്പെട്ടാണ് തക്കുടുവിന് പരിക്കേൽക്കുന്നത്. പരിക്കേറ്റ നായെ ലോറി ഡ്രൈവർ വണ്ടിയിലെടുത്തിട്ടു കൊണ്ടുപോകുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാർ സങ്കടത്തിലായി. അവനെ തിരിച്ചെത്തിക്കാൻ ഒരു കൂട്ടം യുവാക്കൾ പല സ്ഥലങ്ങളിലും അന്വേഷിച്ചു. ഒടുവിൽ ഒരുദിവസം നായെ കൊണ്ടുപോയ ലോറി ഡ്രൈവർ മഠത്തിൽ മുക്കിൽ വീണ്ടും കല്ലുമായെത്തി. അയാളോട് കാര്യം അന്വേഷിച്ചപ്പോൾ താൻ തന്നെയാണ് കൊണ്ടുപോയതെന്നും മുക്കം ക്രഷർ യൂനിറ്റിലുണ്ടെന്നും ഡ്രൈവർ അറിയിച്ചു. പിറ്റേ ദിവസം നാട്ടുകാരായ രഞ്ജിത്ത്, ദീപേഷ്, അമൽ, വിജീഷ് എന്നിവർ ജീപ്പിൽ മുക്കത്തുപോയി തക്കുടുവിനെ തിരിച്ചുകൊണ്ടുവന്നു.
പേരാമ്പ്രയിലെ വെറ്ററിനറി ഡോക്ടർ സുരേഷ് ഏറാടിയെ കാണിച്ച് ചികിത്സ നൽകി തെരുവിൽ നിർത്താതെ രഞ്ജിത്തിെൻറ വീട്ടിലേക്ക് കൂട്ടുകയായിരുന്നു. ഇപ്പോൾ തക്കുടു പതുക്കെപ്പതുക്കെ സുഖംപ്രാപിച്ചുവരുന്നുണ്ട്. തക്കുടുവിെൻറ രോഗവിവരമന്വേഷിക്കാൻ നിരവധിയാളുകൾ എത്തുന്നുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഉദാത്ത സ്നേഹബന്ധത്തിെൻറ ചരിത്രമാണ് മഠത്തിൽ മുക്കുകാരും തക്കുടുവും തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.