തൊഴിലുറപ്പ്; വ്യാജ ഒപ്പിട്ട് പണം തട്ടിയതായി പരാതി
text_fieldsപേരാമ്പ്ര : പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാത്ത സ്ത്രീയുടെ പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവത്തിൽ യു.ഡി.എഫ് നിയമ നടപടികളിലേക്ക് പോകുമെന്ന് ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്ക് ഇല്ലാത്ത സ്ത്രീയുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയ തെന്ന് യു.ഡി.എഫ്. പറയുന്നു. ജോലിക്ക് പോകാതെ സ്ത്രീയുടെ അക്കൗണ്ടിലേക്ക് വന്ന തുക മാറി അയച്ചതായി ഇവരെ തെറ്റിദ്ധരിപ്പിച്ച് തുക കൈക്കലാക്കുകയായിരുന്നെന്നും യു.ഡി.എഫ് പറയുന്നു. സി.ഡി.എസ് അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും വിജിലൻസ് ആന്റ് മോണിറ്ററി കമ്മിറ്റി അംഗവുമായ വ്യക്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇവർ ആരോപിച്ചു.
തെളിവുകൾ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ച സാഹചര്യത്തിൽ 417, 420 വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ ഗ്രാമ പഞ്ചായത്ത് ശുപാർശ ചെയ്യണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. തൊഴിലുറപ്പിന്റെ പേരിൽ പഞ്ചായത്തിൽ പകൽ കൊള്ള നടക്കുകയാണെന്നും പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നതായും അംഗങ്ങൾ ആരോപിച്ചു. ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം നടന്ന തൊഴിലുറപ്പ് പ്രവർത്തികൾ ഓഡിറ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാന് പരാതി നൽകുമെന്നും അംഗങ്ങൾ അറിയിച്ചു. പാർട്ടി അംഗം നടത്തിയ അഴിമതിയിൽ സി.പി. എംനിലപാട് വ്യക്തമാക്കണം. ദുർനടത്തും അഴിമതിയും വ്യാപകമായിരിക്കുകയാണെന്നും ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന രീതി ഇനി അനുവദിക്കില്ലെന്നും അംഗങ്ങൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ റസ്മിന തങ്കേക്കണ്ടി, പി. കെ. രാഗേഷ്, യു.സി. അനീഫ, സൽമ നന്മനക്കണ്ടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.