അശ്വന്തിന്റെ മരണത്തിന് ഒരാണ്ട് പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയില്ല
text_fieldsപേരാമ്പ്ര: 'അവനെ ഇനി ഞങ്ങൾക്ക് തിരിച്ചു കിട്ടില്ലെന്നറിയാം. ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവം ഇല്ലാതിരിക്കാൻ അവന്റെ മരണത്തിന്റെ കാരണമറിയേണ്ടതുണ്ട്' - ഒരു വർഷമായി മകന്റെ മരണത്തിന്റെ ദുരൂഹത തേടി അലയുന്ന നരയംകുളത്തെ തച്ചറോത്ത് ശശിയുടെ വാക്കുകളാണിത്.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഇദ്ദേഹത്തിന്റെ മകൻ അശ്വന്തിനെയാണ് കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന്, പഠിച്ചിരുന്ന കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക്കിലെ ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലോ നാട്ടിലോ കോളജിലോ ഒരു പ്രശ്നവും ഇല്ലാതിരുന്ന അശ്വന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അതിന്റെ കാരണം കണ്ടെത്താൻ കേസന്വേഷിച്ച എടക്കാട് പൊലീസിനു കഴിഞ്ഞിട്ടില്ല. അശ്വന്തിന്റെ ഫോൺ പരിശോധിക്കാൻ ഇതുവരെ പൊലീസ് തയാറായിട്ടില്ല. ഫോൺ കോടതിയിൽ ഹാജരാക്കിയെന്നാണ് പൊലീസ് പറയുന്നത്. വാട്സ്ആപ് ചാറ്റുകളും കാളുകളും പരിശോധിച്ചാൽ ദുരൂഹത നീങ്ങുമെന്നാണ് കുടുംബം കരുതുന്നത്. എന്നാൽ, ഒരു വർഷമായിട്ടും അത് പരിശോധനക്ക് വിധേയമാക്കിയില്ല.
സമയം വൈകുന്തോറും തെളിവ് നഷ്ടമാകുമെന്ന ഭയമാണ് ബന്ധുക്കൾ പങ്കുവെക്കുന്നത്. ഒരു വർഷം ഉപയോഗിക്കാതിരുന്നതുകൊണ്ട് ഫോൺ കേടുവന്ന് തെളിവുകൾ നശിച്ചു പോയിട്ടുണ്ടാകുമോ എന്ന ആശങ്കയും ബന്ധുക്കൾക്കുണ്ട്.
അശ്വന്തിന്റെ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്.പിക്കും നിവേദനം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അശ്വന്ത് മരിച്ച ദിവസം ബന്ധുക്കളും നാട്ടുകാരും ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചു കിടത്തിയിരുന്നു.
അച്ഛനും അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന സാധാരണ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് തോട്ടട പോളിടെക്നിക്കിൽ ഒരു വർഷം മുമ്പ് അവസാനിച്ചത്. മകന്റെ മരണത്തിലെ ദുരൂഹത നീങ്ങാൻ ഏതു വാതിലാണ് മുട്ടേണ്ടതെന്ന് അമ്മ സീമയും ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.