തൊഴിലാളികളെ ഭീതിയിലാക്കുന്ന മാവോവാദികളെ തുരത്തണം - സി.പി.എം
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മേഖലയിൽ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ ഭീതി പരത്താനുമുള്ള മാവോയിസ്റ്റുകളുടെ നീക്കം തടയാൻ ശക്തമായ നടപടി സ്വീകരിക്കാമെന്ന് സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസത്തിനിടയിൽ നാലു തവണയാണ് സായുധരായ മാവോയിസ്റ്റ് സംഘം മുതുകാട് പ്രദേശത്ത് എത്തി ഭീഷണി ഉയർത്തുന്നത്. തോക്കുകളുമായി രാത്രിയിൽ സാധാരണക്കാരുടെ വീടുകളിൽ അതിക്രമിച്ചു കയറി ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ വാങ്ങിക്കൊണ്ടു പോകുകയാണ്.
കഴിഞ്ഞ ദിവസം പകൽവെളിച്ചത്തിൽ എ.കെ. 47 തോക്കുകളുമായി അഞ്ചംഗസംഘം പ്ലാന്റേഷൻ കോർപ്പറേഷന്‍റെ നിയന്ത്രണത്തിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ കയറി മാനേജരേയും ജീവനക്കാരേയും ക്വേർട്ടേഴ്സുകളിൽ താമസിക്കുന്നവരേയും ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ജനമനസുകളിൽ ഇടം നേടിയ തൊഴിലാളി യൂണിയൻ നേതാക്കളും ജനപ്രതിനിധികളുമായ എളമരം കരീം എം. പി, ടി. പി. രാമകൃഷ്ണൻ എം.എൽ.എ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനിൽ എന്നിവരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ പതിക്കുകയും തെരുവുയോഗം ചേരുകയുമുണ്ടായി. വ്യാജപ്രചരണത്തിലൂടെ നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള നീക്കം അനുവദിക്കാനാകില്ല. കേരളത്തിൽ തോട്ടം മേഖല തകർച്ച നേരിടുകയാണ്. എൽ.ഡി.എഫ് സർക്കാറിന്‍റെ സഹായത്താലാണ് പൊതുമേഖലാ സ്ഥാപനമായ പ്ലാേന്റഷൻ കോർപ്പറേഷൻ പിടിച്ചു നിൽക്കുന്നത്. 287 തൊഴിലാളികളുള്ള ജില്ലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് പേരാമ്പ്ര എസ്റ്റേറ്റ്. തൊഴിലാളികൾക്കിടയിൽ ഭീതി പരത്തിയും ഭിന്നിപ്പുണ്ടാക്കിയും എസ്റ്റേറ്റിന്‍റെ പ്രവർത്തനം സ്തംഭിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. മാവോയിസ്റ്റു കൾക്ക് സഹായം ഒരുക്കുന്നവർ വലിയ വില നൽകേണ്ടിവരുമെന്നും ഏരിയാ കമ്മിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.