നൊച്ചാട്ടെ സാമ്പത്തിക തട്ടിപ്പ്; കൂടുതൽ തെളിവുകൾ പുറത്ത്
text_fieldsപേരാമ്പ്ര: സ്വകാര്യ ബാങ്കിലെ മുൻ ജീവനക്കാരി നൊച്ചാട് മേഖലയിൽനിന്നും വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. 28,000 രൂപ വാങ്ങിച്ച് ആറുമാസത്തിനുശേഷം ഒരു പവൻ സ്വർണം നൽകും. ആദ്യഘട്ടത്തിൽ ഇത് കൃത്യമായി നൽകിയതോടെ കൂടുതലാളുകൾ നിക്ഷേപം നടത്തുകയായിരുന്നു.
ഒരു പവൻ സ്വർണം വാങ്ങിച്ചാൽ ആറുമാസത്തിനുശേഷം ഒരു ഗ്രാം കൂടുതൽ കൊടുക്കുമെന്നായിരുന്നു വ്യവസ്ഥ. നൊച്ചാട്ടെ ഒരു ഓട്ടോ ഡ്രൈവർ 24 പവൻ സ്വർണമാണ് നൽകിയത്. കൂടാതെ ഇയാൾ പറഞ്ഞിട്ട് 60 പവനോളം മറ്റു രണ്ടുപേരും നിക്ഷേപിച്ചിട്ടുണ്ട്.മറ്റൊരാൾ വീടുപണിക്ക് കരുതിയ 20 ലക്ഷം രൂപയാണ് ആറുമാസത്തേക്ക് നൽകിയത്. ഇവർ സ്വകാര്യ ബാങ്കിന്റെ ഉള്ള്യേരി ശാഖയിൽ ജോലിചെയ്യുകയാണെന്നാണ് ഇടപാടുകാരോട് പറഞ്ഞത്. എന്നാൽ, ബാങ്കിൽനിന്ന് 27 ലക്ഷം രൂപ തട്ടിപ്പ് നടത്തിയിട്ട് ഇവരെ നേരത്തേ പുറത്താക്കിയിരുന്നു.
ഇപ്പോൾ ഈ പണം ഇവർ തിരിച്ചടച്ചതായും പറയുന്നുണ്ട്. ലാഭ വിഹിതം മുടങ്ങിത്തുടങ്ങിയ അവസരത്തിൽ സ്ഥാപനത്തിൽ ഓഡിറ്റിങ് നടക്കുകയാണെന്നും രണ്ടുമാസം കഴിഞ്ഞേ തുകയുണ്ടാവൂ എന്നും പറഞ്ഞ് ഇടപാടുകാരുടെ ഫോണിലേക്ക് വിഡിയോ അയച്ചിരുന്നു. ഇപ്പോൾ ഇവർ കോഴിക്കോട്ടെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഒന്നിനും രേഖ ഇല്ലാത്തതിനാൽ നിയമ നടപടികൾക്ക് ആരും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.