പേരാമ്പ്ര ബാദുഷ ട്രേഡേഴ്സിലുണ്ടായ തീപിടിത്തത്തോടൊപ്പം വിവാദവും കത്തുന്നു
text_fieldsപേരാമ്പ്ര: പേരാമ്പ്ര ബാദുഷ ട്രേഡേഴ്സിലുണ്ടായ തീപിടിത്തത്തെ ചൊല്ലി രാഷ്ട്രീയ തർക്കങ്ങളും കത്തുന്നു. ഇന്നർ മാർക്കറ്റിലുള്ള പഞ്ചായത്തിന്റെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽനിന്നാണ് തീ പടർന്നതെന്നും ഇത് പഞ്ചായത്തിന്റെ അശ്രദ്ധയാണെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിക്കുമ്പോൾ കുറ്റമറ്റ രീതിയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്തും വ്യക്തമാക്കുന്നു. ഇരുവിഭാഗവും ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.
നഷ്ടപരിഹാരം നൽകണം –എം.എൽ.എ
പേരാമ്പ്ര: തീപിടിത്തമുണ്ടായ ബാദുഷ ട്രേഡേഴ്സിൽ നാശനഷ്ടം കണക്കാക്കി ഉടമക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. രാമകൃഷ്ണൻ എം.എൽ.എ റവന്യു മന്ത്രി കെ. രാജന് കത്തയച്ചു. ബാദുഷ ട്രേഡേഴ്സിന്റെ സ്ഥാപനങ്ങളിൽ തീ പടരാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫിസിലേക്ക് ലീഗ് മാർച്ച്
പേരാമ്പ്ര: പേരാമ്പ്ര ഇന്നർ മാർക്കറ്റിലെ പഞ്ചായത്ത് മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീപിടിച്ചതുമൂലം പരിസരത്തെ കടകൾ കത്തിനശിക്കാൻ കാരണമായ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഇ. ഷാഹി അധ്യക്ഷത വഹിച്ചു. കെ.പി. റസാഖ്, ആർ.കെ. മുഹമ്മദ്, സി.പി. ഹമീദ്, പി.വി. നജീർ, റഷീദ് പാണ്ടിക്കോട്, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, സലിം മിലാസ്, കെ. ഹാഫിസ്, നിഷാദ് എരവട്ടൂർ, കൂളിക്കണ്ടി കരീം, പി.കെ. റഹീം, സയിദ് അയനിക്കൽ എന്നിവർ സംസാരിച്ചു.
പേരാമ്പ്ര: തീപിടിത്തത്തിന് ഉത്തരവാദികൾ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണെന്നും പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഈ കാര്യത്തിൽ നിസ്സംഗത വെടിഞ്ഞ് പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അടിയന്തരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മഹാഭാഗ്യംകൊണ്ടു മാത്രമാണ് തൊട്ടടുത്ത കടകളിലേക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കാനും കൂടുതൽ പേർക്ക് നാശനഷ്ടങ്ങൾ സംഭവിക്കാതെ ഒഴിവാകാനും സാധിച്ചത്. പേരാമ്പ്രയിൽ പലയിടത്തും സമാനമായ രീതിയിൽ മാലിന്യങ്ങൾ കൂട്ടിവെച്ചത് പൂർണമായും എത്രയും പെട്ടെന്ന് നീക്കംചെയ്യാനാവശ്യമായ നടപടികൾ കൈക്കൊള്ളണം. യോഗത്തിൽ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ അധ്യക്ഷത വഹിച്ചു. ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, കല്ലൂർ മുഹമ്മദലി, ഒ. മമ്മു, മുനീർ കുളങ്ങര, വി.പി. റിയാസ് സലാം, പി.ടി. അഷ്റഫ്, പുതുക്കുടി അബ്ദുറഹ്മാൻ, മൂസ കോത്തമ്പ്ര എന്നിവർ സംസാരിച്ചു.
പഞ്ചായത്തിന്റെ പിടിപ്പുകേട്’
പേരാമ്പ്ര: പേരാമ്പ്രയിൽ നടന്ന തീപിടിത്തം ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ മൂലമുണ്ടായതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ മെംബറുമായ പി.കെ. രാഗേഷ് ആരോപിച്ചു. നഗരമധ്യത്തിൽ എം.സി.എഫ് സ്ഥാപിച്ചത് ശാസ്ത്രീയമായ ഒരു പരിശോധനയും കൂടാതെയാണ്. പേരാമ്പ്രപോലുള്ള ടൗണിന്റെ ഹൃദയഭാഗത്ത് ഇതുപോലുള്ള പ്ലാസ്റ്റിക് സംഭരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് മെംബർമാർ ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇന്നർ മാർക്കറ്റിൽ എം.സി.എഫ് സ്ഥാപിച്ചത്. ഇതിന്റെ ദുരന്തഫലമാണ് പേരാമ്പ്ര കണ്ടത്. ദുരന്തമുഖത്തും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്ന എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും പേരാമ്പ്രയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും രാഗേഷ് പറഞ്ഞു.
തീപിടിത്തം; ഭരണകൂട അനാസ്ഥ
പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെയുണ്ടായ തീപിടിത്തം മാലിന്യസംസ്കരണത്തിലെ ഭരണകൂട അനാസ്ഥയുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജാഹിദ് മേപ്പയൂർ പറഞ്ഞു. സമീപകാലത്തുണ്ടായ ബ്രഹ്മപുരം അഗ്നിബാധ അടക്കമുള്ള അഗ്നിദുരന്തങ്ങൾ എടുത്തുനോക്കിയാൽ മാലിന്യസംസ്കരണത്തിന് അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും വീടുകളിൽനിന്നും വാണിജ്യ സ്ഥാപനങ്ങളിൽനിന്നും പണം ഈടാക്കി ശേഖരിക്കുന്ന മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു പകരം നഗര പരിസരങ്ങളിൽ അശ്രദ്ധമായി കൂട്ടിയിടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഈ സ്ഥിതി തുടർന്നാൽ നാടിനെ നശിപ്പിക്കുന്ന ദുരന്തങ്ങൾക്ക് നാം ഇനിയും സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ഫർഹാന ബഷീർ, വൈസ് പ്രസിഡന്റ് പി.എം. അശ്വിൻ, ജോയന്റ് സെക്രട്ടറിമാരായ നിയാസ് മുതുകാട്, സമീർ ഊട്ടേരി എന്നിവർ സംസാരിച്ചു.
പ്രചാരണം വസ്തുതാവിരുദ്ധം- പഞ്ചായത്ത് പ്രസിഡന്റ്
പേരാമ്പ്ര: തീപിടിത്തത്തിന്റെ മറവിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പറഞ്ഞു. ഇന്നർ മാർക്കറ്റിലെ അജൈവമാലിന്യങ്ങൾ തരംതിരിച്ച് സംസ്കരണകേന്ദ്രത്തിലേക്ക് കയറ്റിയയക്കുന്ന എം.സി.എഫ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. കെട്ടിടത്തിൽ ഹരിതകർമസേന തരംതിരിച്ച് സൂക്ഷിച്ച രണ്ടു ലോഡ് പ്ലാസ്റ്റിക്കും തരംതിരിക്കാനുള്ള രണ്ട് ലോഡ് പ്ലാസ്റ്റിക്കും ഉണ്ടായിരുന്നു. കെട്ടിടത്തിനു പുറത്ത് മാലിന്യങ്ങൾതന്നെ നിക്ഷേപിച്ചിട്ടുണ്ടായിരുന്നില്ല. തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതിന് ക്ലീൻ കേരള കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളതും ബുധനാഴ്ച മാലിന്യം കൊണ്ടുപോകുന്നതിന് വരാമെന്ന് അറിയിച്ചിട്ടുള്ളതുമാണ്. എം.സി.എഫിൽ മാലിന്യങ്ങൾ അകാരണമായി നിക്ഷേപിച്ചിട്ടുണ്ടായിരുന്നില്ല. എം. സി.എഫിൽ സ്ഥാപിച്ച ബെയിലിങ് മെഷീനും കർമസേനയുടെ ഓഫിസ് രേഖകളും കത്തിനശിച്ചിട്ടുണ്ട്. എം.സി.എഫിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബാദുഷ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലും തീപിടിത്തം ഉണ്ടായിട്ടുണ്ട്.
എം.സി.എഫിൽ നിലവിൽ തീ പടർന്നുപിടിക്കേണ്ട സാഹചര്യമില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ എം.സി.എഫ് കെട്ടിടത്തിൽ ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. ആവശ്യത്തിന് ഫയർ എക്സ്റ്റിംഗ്വിഷറുകൾ, മണൽ നിറച്ച് ഫയർ ബക്കറ്റുകൾ തുടങ്ങിയവ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. തീപിടിത്തത്തിൽ ദുരൂഹതയുള്ളതിനാൽ പേരാമ്പ്ര എസ്.എച്ച്.ഒ മുമ്പാകെ പരാതി സമർപ്പിച്ചിട്ടുണ്ട്. എം.സി.എഫിലെ തീപിടിത്തം ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.