ഇന്ധന ചോർച്ച; പെട്രോൾ കലർന്ന വെള്ളം ഓവുചാലിലേക്ക് ഒഴുക്കി
text_fieldsപേരാമ്പ്ര: ഇന്ധന ചോർച്ച മൂലം അടച്ചിട്ട പേരാമ്പ്ര-കോഴിക്കോട് റോഡിലെ പഴയ പെട്രോൾ പമ്പിൽനിന്ന് പെട്രോൾ കലർന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിട്ടത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. പെട്രോൾ ടാങ്ക് മാറ്റിസ്ഥാപിക്കുന്നതിന് കുഴിയെടുത്തപ്പോൾ വന്ന പെട്രോൾ കലർന്ന വെള്ളമാണ് മോട്ടോർ ഉപയോഗിച്ച് പൊതു ഓടയിലേക്ക് പമ്പ് ചെയ്തത്. മലിനമായ വെള്ളവും മണ്ണും എറണാകുളത്തെ കെ.ഇ.എല്ലിന്റെ മാലിന്യ സംസ്കരണ സംഭരണ ശാലയിലേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് കാറ്റിൽ പറത്തിയാണ് പമ്പ് അധികൃതരുടെ ഈ നടപടി. ജനകീയ പ്രതിഷേധത്തെ തുടർന്ന് പൊലീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സാനിറ്ററി ഇൻസ്പക്ടർ, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദേശം നൽകി.
പെട്രോൾ കലർന്ന വെള്ളം ഓടയിലൂടെ ഒഴുകി പേരാമ്പ്ര മരക്കാടി തോടിലേക്കാണ് എത്തുക. ഇതുമൂലം തോടുകളും നീർത്തടങ്ങളും ജലസ്രോതസ്സുകളും വ്യാപകമായി മലിനമാകും. പമ്പ് ഉടമക്കെതിരെ കേസെടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെംബറുമായ സൽമ നന്മനക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. കെ. രാഗേഷ്, ആക്ഷൻ കമ്മിറ്റി കൺവീനർ കെ. പത്മനാഭൻ, ഡോ. എസ്. ഇന്ദിരാക്ഷൻ, സി.പി.എ. അസീസ്, എ.കെ. സജീന്ദ്രൻ, കെ.പി. റസാഖ്, കെ.പി. രാമദാസൻ, ബൈജു ഉദയ, ഡീലക്സ് മജീദ്, വി.പി. സരുൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.