ഗെയിൽ പൈപ്പ്ലൈൻ: വയലിൽ മുഴുവൻ കുഴികൾ; കർഷകർ ദുരിതത്തിൽ
text_fieldsപേരാമ്പ്ര: ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കാൻ മണ്ണുമാന്തിയന്ത്രങ്ങൾ വയലിലൂടെ പോയതു കാരണം രൂപപ്പെട്ട വലിയ കുഴികൾ കർഷകർക്ക് ദുരിതമാവുന്നു.
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിലെ പുതിയപ്പുറത്തുതാെഴ, കൊടക്കൽത്താഴം, പുലിക്കോട്ടുതാഴം, വെള്ളിയൂർ, ചലിക്കര, കുനിയം കുറ്റിവയൽ എന്നിവിടങ്ങളിൽ വയലിലെ കുഴികൾ കാരണം അഞ്ചു വർഷത്തോളമായി കൃഷിയിറക്കാൻ കഴിയുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
നൊച്ചാട്, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിലെ നെൽവയലിലൂടെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിലെ കുഴികൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടറോട് നിർദേശിച്ചിട്ടുണ്ട്.
നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷൻ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് ബിനീഷ് അത്തൂനി സമർപ്പിച്ച പരാതിയിലാണ് കമീഷൻ നോട്ടീസയച്ചത്.
ഇതുസംബന്ധിച്ച് ജില്ല കലക്ടർക്കും ഗെയിൽ അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഗെയിൽ പദ്ധതി ഉദ്ഘാടനം നടത്തുമ്പോഴും കർഷകരുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ല. വയലിലെ വലിയ കുഴികൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു.
കന്നുകാലികൾ പലതവണ കുഴികളിൽ വീണിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.