റോഡരികിലെ മാലിന്യക്കെട്ടുകൾ ദുരിതമാകുന്നു
text_fieldsപേരാമ്പ്ര: ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ട മാലിന്യക്കെട്ടുകൾ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാവുന്നു. സംസ്ഥാന പാതയിൽ പഴയ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടപ്പാതയിലും റോഡിലുമായി നിക്ഷേപിച്ച മാലിന്യക്കെട്ടുകൾ ഇതുവരെ നീക്കംചെയ്തിട്ടില്ല.
മാലിന്യക്കെട്ടുകൾ കാരണം വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ യാത്രാതടസ്സം നേരിടുന്നുണ്ട്. പേരാമ്പ്ര ടൗണിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് കുമിഞ്ഞുകൂടിക്കിടക്കുന്നത്.
ശക്തമായ മഴയിൽ മാലിന്യക്കെട്ടുകൾ ചീഞ്ഞഴുകാനും ഇതുവഴി ഒഴുകുന്ന മലിനജലം സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങുമെന്നും നാട്ടുകാർ ഭയക്കുന്നു. മാലിന്യത്തിന് അബദ്ധവശാൽ തീപിടിച്ചാൽ സമീപത്തെ കടകൾ പൂർണമായും കത്തിനശിക്കുന്ന രൂപത്തിലാണ് മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത്. നേരത്തേ സമാന രീതിയിലുള്ള പേരാമ്പ്ര ഇന്നർ മാർക്കറ്റിലെ മാലിന്യസംഭരണ കേന്ദ്രത്തിന് തീപിടിച്ച് സമീപത്തെ കടകൾ കത്തിനശിച്ചിരുന്നു. പേരാമ്പ്ര- ചെമ്പ്ര റോഡിൽ റെഗുലേറ്റഡ് മാർക്കറ്റിങ് സൊസൈറ്റിയുടെ സ്ഥലത്തും മാസങ്ങളായി മാലിന്യങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുകയാണ്. ഹരിതസേന ശേഖരിക്കുന്ന മാലിന്യങ്ങൾ സമയബന്ധിതമായി നീക്കംചെയ്യാത്തതാണ് ഇത്തരത്തിൽ മാലിന്യങ്ങൾ കുന്നുകൂടാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.